video
play-sharp-fill

ദുരൂഹ സാഹചര്യത്തിൽ മലയാളി യുവാവിനെ കാണാതായിട്ട് 3 മാസം; ഇരുട്ടിൽ തപ്പി പോലീസ്; 3 വർഷം മുമ്പാണ് ഓൺലൈനിലൂടെ കണ്ടെത്തിയ ഐടി കമ്പനിയിലെ ജോലിക്കായി യുവാവ് ഹരിയാനയിലേക്ക് പോയത്; പോലീസിൻ്റെ അന്വേഷണം കാര്യക്ഷമമെന്നാരോപിച്ച് കുടുംബം

ദുരൂഹ സാഹചര്യത്തിൽ മലയാളി യുവാവിനെ കാണാതായിട്ട് 3 മാസം; ഇരുട്ടിൽ തപ്പി പോലീസ്; 3 വർഷം മുമ്പാണ് ഓൺലൈനിലൂടെ കണ്ടെത്തിയ ഐടി കമ്പനിയിലെ ജോലിക്കായി യുവാവ് ഹരിയാനയിലേക്ക് പോയത്; പോലീസിൻ്റെ അന്വേഷണം കാര്യക്ഷമമെന്നാരോപിച്ച് കുടുംബം

Spread the love

ദില്ലി : ഹരിയാനയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളിയെ കാണാതായിട്ട് മൂന്ന് മാസമാകുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡിസംബർ 11ന് താമസിക്കുന്ന മുറിയിൽ നിന്നും നഗരത്തിന് പുറത്തേക്ക് പോയ പത്തനംതിട്ട സ്വദേശി ശ്രീവിഷ്ണുവിനെ കുറിച്ച് ഇതുവരെയും ഒരു വിവരവുമില്ല. അമൃത്സറിലെത്തിയെന്ന വിവരം പൊലീസിന് കിട്ടിയെങ്കിലും അന്വേഷണം വഴിമുട്ടി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.

മൂന്ന് വർഷം മുൻപ് ഓൺലൈനിലൂടെ സ്വന്തമായി കണ്ടെത്തിയ ഐടി കമ്പനിയിലെ ജോലിക്ക് വേണ്ടിയാണ് ഹരിയാന ​ഗുരു​ഗ്രാമിലെ സുഖ്റാലിയിൽ ശ്രീവിഷ്ണുവെത്തുന്നത്. അന്ന് മുതൽ സെക്ടർ 17 സിയിലെ മുറിയിലാണ് താമസിച്ചിരുന്നത്. പ്രമുഖ ഐടി സ്ഥാപനമായ ആക്സഞ്ചറിലെ സൂപ്പർവൈസറായിരുന്ന വിഷ്ണു ആഴ്ചയിൽ രണ്ട് ദിവസം ഓഫീസിലും ബാക്കി സമയം മുറിയിലിരുന്നുമായിരുന്നു ജോലി ചെയ്തിരുന്നത്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചെന്നും ഫെബ്രുവരിയിൽ നാട്ടിലേക്ക് വരാൻ അവധി ലഭിച്ചെന്നും വിഷ്ണു വീട്ടുകാരോട് പറഞ്ഞിരുന്നു.

കാണാതായ ഡിസംബർ പതിനൊന്നിന് വീട്ടുകാരുമായി വീഡിയോ കോളിലൂടെയടക്കം വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്നു. ന​ഗരത്തിന് പുറത്തേക്കാണ് പോകുന്നതെന്ന് കെട്ടിട ഉടമയോട് പറഞ്ഞിരുന്നു. പതിനായിരം രൂപ വാട്സാപ്പിലൂടെ കടമായി ചോദിച്ചിരുന്നുവെന്നും എന്തിനാണ് പണമെന്ന് ചോദിക്കാൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നെന്നും ഉടമ പറയുന്നു. അതിനുശേഷം ഇതുവരെ ആ ഫോൺ ഓണായിട്ടില്ല. കാണാതാകുന്ന ദിവസം ധരിച്ച വസ്ത്രവും, മൊബൈൽ ഫോണുമല്ലാതെ വിഷണുവിന്റെ സാധനങ്ങളെല്ലാം മുറിയിലുണ്ട്.

ഒടുവിൽ ​പഞ്ചാബിലെ അമൃത്സറിൽ വിഷ്ണു എത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. കാണാതായ ദിവസം ഗുരു​ഗ്രാമിൽനിന്നും ദില്ലിയിലെ കശ്മീരി ​ഗേറ്റിലേക്ക് വിഷ്ണു പോയതായും വിവരമുണ്ട്. ദില്ലിയിൽ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ബസുകൾ പുറപ്പെടുന്ന സ്ഥലമാണ് കശ്മീരി ​ഗേറ്റ്. പിന്നെ ഒരു വിവരവുമില്ലെന്ന് ​ഗുരു​ഗ്രാം പൊലീസും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതായതിന് പിന്നാലെ ഗുരുഗ്രാമിലെത്തിയ കുടുംബാംഗങ്ങൾ നൽകിയ പരാതിയിലാണ് ഹരിയാന പൊലീസ് കേസെടുത്തത്.

പത്തനംതിട്ട എംപി ആന്റോ ആന്റണി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും സഹമന്ത്രിക്കും നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അവസാനമായി വിഷ്ണുവെത്തിയെന്ന് കരുതുന്ന അമൃത്സറിൽ ഹരിയാന പൊലീസ് പോയി അന്വേഷിച്ചോയെന്ന് വ്യക്തമല്ല. ദുരൂഹ സാഹചര്യത്തിൽ ഒരു യുവാവിനെ കാണാതായി മൂന്ന് മാസമാകാറാകുമ്പോഴും പോലീസ് അന്വേഷണം എവിടെയുമെത്തിയിട്ടില്ല. വിഷയത്തിൽ അധികാരികളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്ന കുടുംബത്തിന്റെ പരാതി ​ഗൗരവമുള്ളതാണ്.