മലബാറിനു പിന്നാലെ മധ്യകേരളവും മുസ്ലീം ലീഗിന്റെ ലക്ഷ്യം: അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുക 30 സീറ്റിൽ; ലക്ഷ്യം ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനവും ലീഗിന് ഉപമുഖ്യമന്ത്രി പദവും

തേർഡ് ഐ പൊളിറ്റിക്‌സ്

തിരുവനന്തപുരം: മലബാർ മേഖലയിലെ സ്വാധീനം മധ്യകേരളത്തിലേയ്ക്കു വ്യപിപ്പിക്കാൻ മുസ്ലീം ലീഗ് ഒരുങ്ങുന്നു. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടതും, ജോസഫ് വിഭാഗം ദുർബലമായതും കൂടി കണക്കു കൂട്ടിയാണ് ഇപ്പോൾ മുസ്ലീം ലീഗ് തങ്ങളുടെ ശക്തി മധ്യകേരളത്തിലേയ്ക്കു കൂടി വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്.

അടുത്ത നിയമസഭയിൽ ഉപമുഖ്യമന്ത്രി പദമാണ് മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത്. നിലവിൽ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, മുസ്ലീം ലീഗിന്റെ പിൻതുണയോടെ ഉമ്മൻചാണ്ടി തന്നെ മുഖ്യമന്ത്രിയാകുന്നതിനാണ് എ ഗ്രൂപ്പ് കരുക്കൾ നീക്കുന്നത്.

കേരള കോൺഗ്രസ് (എം) നെ പുറത്താക്കാൻ ലീഗ് സമ്മതിക്കില്ലന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. പക്ഷേ, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പുറത്താക്കാനുള്ള തീരുമാനത്തിൽ ലീഗിന്റെ പങ്കും പുറത്തേക്ക് വന്നതോടെയാണ് അടുത്ത നിയമസഭയിൽ ലീഗ് എന്താണ് ലക്ഷ്യമിടുന്നത് എന്നു വ്യക്തമാകുന്നത്.

കേരള കോൺഗ്രസ് മുന്നണിയ്ക്കു പുറത്താകുമ്പോൾ അധികം വരുന്ന സീറ്റുകൾ കോൺഗ്രസുമായി വീതിക്കാൻ ലീഗ് സമ്മർദ്ദം തുടങ്ങിയതായാണ് പുറത്തു വരുന്ന സൂചനകൾ. കോൺഗ്രസിന്റ മലബാറിലെ കുറെ സീറ്റുകളുമായി വച്ചു മാറ്റവും ആലോചനയിലുണ്ടെന്നാണ് ലഭിക്കുന്ന വ്യക്തമായ സൂചനകൾ. പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ടീയത്തിലേക്കുള്ള മടങ്ങിവരവ് യു ഡി എഫിന് പുത്തനുണർവ് നൽകും.രാഷ്ട്രീയ തന്ത്രശാലിയായ കുഞ്ഞാലിക്കുട്ടിയൊരുക്കുന്ന കെണിയിലേക്ക് ജലീലിനെയും സർക്കാരിനെയും എത്തിച്ച ആദ്യ ദൗത്യം തന്നെ അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചു മടങ്ങിവരവ് ഗംഭീരമാക്കി.

കഴിഞ്ഞ നാലുവർഷവും ലീഗിനെ മുന്നിൽ നിന്ന് നയിച്ച മുനീറിന്റെ പരാജയം കുഞ്ഞാലിക്കുട്ടിയുടെ വരവ് എളുപ്പമാക്കി. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനവും എട്ടോളം മന്ത്രി സ്ഥാനവും ലീഗ് ഉറപ്പിച്ചു. വിവാദങ്ങൾ തുടർക്കഥയാകുന്നത് പിണററായി സർക്കാരിന്റെ തുടർ ഭരണസാധ്യതയ്ക്ക് മങ്ങലേറ്റിലുണ്ട്.

അങ്ങനെയെങ്കിൽ കെ സി വേണുഗോപാലോ രമേശ് ചെന്നിത്തലയോ നേതൃത്വത്തിലോ രൂപികരിക്കുന്ന സർക്കാരിൽ ലീഗിന് പ്രാധാന്യമേറും. 10-15 വർഷത്തിനകം ലീഗ് മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുത്താലും അത്ഭുതപ്പെടേണ്ട. മുസ്ലിം ലീഗ് അത്ര മാത്രം വളർന്നു കഴിഞ്ഞു.വടക്കൻ കേരളം വിട്ട് പുനലൂരിൽ സാന്നിദ്ധ്യമറിയിച്ച ലീഗ് കരുനാഗപ്പള്ളിയും പൂഞ്ഞാറും ഉൾപ്പെടെ മൽസരിക്കാൻ കച്ചകെട്ടുമ്പോൾ അത് യു ഡി എഫിന് കരുത്തേകും.