
വൈക്കം: എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തലയാഴം സ്വദേശി മക്കൻ ചെല്ലപ്പൻ പാർട്ടിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പുറത്ത്.
ചൊവ്വാഴ്ചയാണ് കർഷകനും സിപിഐ അനുഭാവിയുമായ മക്കൻ ചെല്ലപ്പനെ (67) തലയാഴത്തുള്ള സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് വൈക്കത്തെ സിപിഐക്കെതിരെയും പ്രവർത്തകർക്കെതിരെയും ഗുരുതര ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം വൈക്കത്തെ സിപിഐക്കാണെന്ന് വീഡിയോയിൽ മക്കൻ ചെല്ലപ്പൻ പറയുന്നുണ്ട്. രാഷ്ട്രീയ വേട്ടയാടലുകൾക്ക് ഇരയായ കാര്യവും അദ്ദേഹം 25.37 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ കാർഷിക ഗവേഷണങ്ങളെയും നഴ്സറിയെയും തകർക്കാൻ സിപിഐ നേതാക്കൾ നിരന്തരം ശ്രമിച്ചിരുന്നു. വെന്തകരിയിലെയും കാരപ്പുറത്തെയും കൃഷികൾ പലപ്പോഴായി വെട്ടി നശിപ്പിക്കപ്പെട്ടു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ താൻതന്നെ കൃഷി നശിപ്പിച്ചതാണെന്ന് രാഷ്ട്രീയക്കാർ പ്രചരിപ്പിച്ചു.
2010-ൽ വഴിത്തർക്കവുമായി ബന്ധപ്പെട്ട് വൈക്കം താലൂക്ക് ഓഫീസിന് മുൻപിൽ താൻ നടത്തിയ നിരാഹാര സമരം സിപിഐയുടെ കൂടുതൽ ശത്രുതയ്ക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ വേലികെട്ടി വഴി അടയ്ക്കുകയും ശുചിമുറി നിർമിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
ഈ പീഡനങ്ങൾ സഹിക്കവയ്യാതെ കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്താലോ എന്നുപോലും ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ പളനിയിലേക്ക് പലായനം ചെയ്യേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.
കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിനെയോ ആഭ്യന്തര വകുപ്പിനെയോ സമീപിച്ചിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചെല്ലപ്പൻ പറയുന്നു.
ഗവൺമെന്റ് നിശ്ചയിച്ച മൂന്ന് രൂപയുടെ തൈകൾ വെറും ഒരു രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞിട്ടും അധികാരികൾ അതിന് തയ്യാറായില്ല. രാജ്യത്തിന്റെ പുരോഗതിയല്ല, മറിച്ച് കമ്മീഷനാണ് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടത്. തനിക്ക് അർഹമായ പ്രോജക്റ്റുകളും ലൈസൻസുകളും നൽകുന്നതിൽ മനപ്പൂർവ്വം കാലതാമസം വരുത്തിയതായും അദ്ദേഹം ആരോപിക്കുന്നു.







