രാഷ്ട്രീയത്തിലേക്കില്ല, ‘മക്കൾ നീതി മൻട്രം’ പിരിച്ചു വിട്ട് സൂപ്പർ താരം രജനികാന്ത്; തീരുമാനം അമേരിക്കയിൽ നിന്ന് തിരികെ വന്നതിന് ശേഷം
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന സുപ്രധാന തീരുമാനവുമായ് തമിഴ് സൂപ്പർ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച മക്കൾ നീതി മൻട്രം പിരിച്ചുവിട്ടു. മക്കൾ നീതി മൻട്രം വീണ്ടും ആരാധക സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു.
ആരാധക കൂട്ടായ്മയുടെ ചെന്നൈയിൽ വിളിച്ച യോഗത്തിലാണ് രജനി തൻറെ തീരുമാനം വ്യക്തമാക്കിയത്. പാർട്ടിക്കായി രൂപീകരിച്ച പോഷകസംഘടനകളും പിരിച്ചുവിട്ടു.
ഒരു രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയ്ക്ക് ഇനി ഒരു പ്രവർത്തനവും ആരാധകർ നടത്തരുതെന്നും രജനി ആവശ്യപ്പെട്ടു. അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ സുപ്രധാന തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹം ചെന്നൈയിൽ വന്നിറങ്ങിയത്. ആരാധകർ ആവേശകരമായ വരവേൽപ്പും നൽകി. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക് പോകുന്നത്.
നാല് വർഷങ്ങൾക്കു മുൻപ് രജനീകാന്തിന് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനകൾക്കായായിരുന്നു യാത്ര.
പുതിയ ചിത്രം അണ്ണാത്തെയുടെ ലൊക്കേഷനിൽ വച്ച് കടുത്ത രക്തസമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനു പിന്നാലെയാണ് അമേരിക്കയിലേക്ക് പോയത്.
തന്റെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി പ്രഖ്യാപിച്ചിരുന്നു. തിരികെ വീണ്ടും അദ്ദേഹം ചെന്നൈയിൽ എത്തിയതോടൊയാണ് രാഷ്ട്രീയ പ്രവേശന സാധ്യതയെപ്പറ്റിയുള്ള ചർച്ച വീണ്ടും സജീവമായത്. അതിന്റെ അന്ത്യമെന്നോണമായി അദ്ദേഹത്തിന്റെ പുതിയ തീരുമാനം.