അമ്മയുടെ വിയോഗത്തിലും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് മക്കൾ ; പത്ത് പേരെ മാത്രം സാക്ഷിയാക്കി സത്യഭാമ യാത്രയായി
സ്വന്തം ലേഖകൻ
കൊച്ചി: അമ്മയുടെ വിയോഗത്തിലും ലോക്ക് ഡൗൺ നിർദ്ദേശം പാലിച്ച് സത്യഭാമയുടെ മക്കൾ. മക്കളും കൊച്ചുമക്കളുമടക്കം പ്രിയപ്പെട്ടവരായി അവസാന നിമിഷം വരെ സത്യഭാമയ്ക്ക് ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ അവസാന യാത്ര പറയുമ്പോൾ പത്ത് പേരായിരുന്നു ഉണ്ടായിരുന്നത്. അന്തരിച്ച കടവന്ത്ര മുല്ലോത്ത് സത്യഭാമയുടെ(90) സംസ്‌കാര ചടങ്ങുകൾ കൊറോണ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് കൊണ്ടാണ് നടത്തിയത്.
ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ഉള്ളതിനാൽ പത്തുപേർ മാത്രമാണ് ശ്മശാനത്തിലെത്തി ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. സംസ്‌കാര ചടങ്ങുകളിൽ പത്തുപേർ മാത്രം മതിയെന്ന് തീരുമാനിച്ചത് മക്കളും കൊച്ചുമക്കളും അടക്കമുള്ള ബന്ധുക്കൾ ചേർന്നായിരുന്നു. മക്കളും കൊച്ചുമക്കളും മാത്രം വന്നാൽപ്പോലും വലിയൊരു ആൾക്കൂട്ടമാകുമെന്ന് തിരിച്ചറിഞ്ഞ് അവരിൽനിന്ന് ആറു പേർ മാത്രമാണ് സംസ്‌കാര ചടങ്ങിനായി രവിപുരത്തെ ശ്മശാനത്തിൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങുകളെല്ലാം വളരെ വേഗത്തിൽ പൂർത്തിയാക്കിയ ശേഷം എല്ലാവരും മടങ്ങുകയും ചെയ്തു. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയാണ് അവർ ചടങ്ങിൽ പങ്കെടുത്തത്. സത്യഭാമയുടെ ശവസംസ്‌കാര ചടങ്ങുകളെല്ലാം ചുരുക്കി കുടുംബം നിർദേശങ്ങളെല്ലാം പാലിച്ചതോടെ അത് വേദനയ്ക്കിടയിലും സമൂഹത്തിന് നല്ലൊരു മാതൃകയായി മാറിയിരിക്കുകയാണ്.