രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് കേരളത്തിൽ എവിടെയും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് കേരളത്തിൽ എവിടെയും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് സംസ്ഥാനത്ത് എവിടെയും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

അവശ്യസർവീസിന്റെ ഭാഗമായി ജോലിക്കെത്തേണ്ടവർക്ക് പാസ് സൗകര്യമുണ്ടാകും. മാധ്യമപ്രവർത്തകരും സർക്കാർ ജീവനക്കാരും അവരുടെ ഐഡൻന്റിറ്റി കാർഡ് ഉപയോഗിച്ചാൽ മതി. അതേസമയം അക്രഡിറ്റേഷൻ കാർഡില്ലാത്ത മാധ്യമപ്രവർത്തകർക്ക് അതത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് മതി. കടകളിലും മറ്റും ജോലി ചെയ്യുന്നവർക്കും പാസ് സൗകര്യം ഉപയോഗിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറിയർ സർവീസ് നിലയ്ക്കുന്നു എന്ന ഭീതി ഉണ്ടായിട്ടുണ്ടെന്നും മരുന്നുകളും മറ്റും ദൂരസ്ഥലങ്ങളിലേക്കെത്തിക്കേണ്ട സാഹചര്യമുള്ളതിനാൽ ഇക്കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

വൈറസിന്റെ സമൂഹവ്യാപന സാദ്ധ്യത കണക്കിലെടുത്ത് കടവരാന്തയിലും റോഡരികിലും മറ്റും കിടന്നുറങ്ങുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ച് ഭക്ഷണസൗകര്യമൊരുക്കും. ഓരോ പ്രദേശത്തുമുള്ള ഇത്തരം ആളുകളുടെ കണക്ക് തദ്ദേശസ്ഥാപനങ്ങൾ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ഒരു ബാത്ത് അറ്റാച്ച്ഡ് മുറിയിൽ തന്നെ കഴിയണം. അവർക്ക് ഭക്ഷണവും മറ്റ് സഹായവും ചെയ്യുന്നത് ഒരാളായിരിക്കണം. അവരുപയോഗിക്കുന്ന പാത്രങ്ങൾ പ്രത്യേകം സൂക്ഷിക്കണം. എല്ലാ ദിവസവും ആരോഗ്യപ്രവർത്തകർ സന്ദർശിച്ച് ഇത് പരിശോധിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാസ്‌ക്, സാനിറ്റൈസർ, സോപ്പ് എന്നിവ വേണ്ടത്രയുണ്ടെന്ന് ഉറപ്പാക്കണം. സൗകര്യങ്ങൾ പാലിക്കാത്ത വീടുകളിൽ കഴിയുന്നവരെ പൊതുവായ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അറിയിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാർക്ക് സ്വന്തമായി വാഹനസൗകര്യമില്ലെങ്കിൽ ആശുപത്രിക്കടുത്ത് താമസസൗകര്യമൊരുക്കും. അല്ലാത്തവർക്ക് വീടുകളിലേക്ക് പോകാൻ തദ്ദേശസ്ഥാപനങ്ങൾ വാഹനസൗകര്യമൊരുക്കും.