വാറ്റു ചാരായവും വാഷുമായി കളത്തിപ്പടിയിൽ യുവാവ് പിടിയിൽ: പിടിയിലായത് ഓർക്കിഡ് അപ്പാർട്ട്‌മെന്റിലെ കെയർടേക്കർ; ലക്ഷ്യമിട്ടത് ലോക്ക് ഡൗൺ കാലത്തെ വിൽപ്പന

തേർഡ് ഐ ബ്യൂറോ

കോട്ടയം: വിൽപ്പനയ്‌ക്കെത്തിച്ച വാറ്റും വാറ്റുചാരായം നിർമ്മിക്കുന്നതിനുള്ള വാഷും കോടയുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കളത്തിപ്പടി ഭാഗത്ത് കാസിൽ ഹോംസ് ഓർക്കിഡ് അപ്പാർട്‌മെന്റ് കെയർടേക്കർ ജിജോ ജോർജിനെയാണ് കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് മോഹനൻ നായരും സംഘവും ചേർന്നു പിടികൂടിയത്.

250 മില്ലി ലിറ്റർ വാറ്റുചാരായവും, 20 ലിറ്റർ കോടയും എക്‌സൈസ് സംഘം ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. വാറ്റാൻ ഉപയോഗിക്കുന്ന വാറ്റ് ഉപകരണങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു കളത്തിപ്പടി പ്രദേശങ്ങളിൽ വൻ തോതിൽ വ്യാജ വാറ്റ് നടക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കളത്തിപ്പടി അപ്പാർട്ടമെന്റ് കേന്ദ്രീകരിച്ചുള്ള വാറ്റ് സംബന്ധിച്ചു വിവരം ലഭിച്ചത്. തുടർന്നു പരിശോധന നടത്തിയ എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എക്‌സൈസ് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫിസർമാരായ രാജേഷ് ജീ, സുരേഷ് ടി എസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സുജിത് വി.എസ് ,അജിത് കുമാർ കെ വി എന്നിവർ നേതൃത്വം നൽകി.