ലോൺ നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും 50000 രൂപ കബളിപ്പിച്ച പ്രതികളെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: തലയോലപ്പറമ്പിൽ ലോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും പണം തട്ടിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ഫസൽ റഹ്മാൻ (25), ഫായിസ് (27) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളൂർ കരിപ്പാടം സ്വദേശിയായ വീട്ടമ്മയ്ക്ക് തന്‍റെ വാട്സാപ്പിൽ ഫൈനാൻസ് കമ്പനിയുടെ പേരില്‍ മാർച്ച് മാസത്തിൽ മെസ്സേജ് വരികയും തുടര്‍ന്ന് വീട്ടമ്മ 50000 രൂപ വായ്പയ്ക്കായി അപേക്ഷിക്കുകയുമായിരുന്നു. 10 ശതമാനം തുക ഗ്യാരണ്ടി തുകയായി അടയ്ക്കണമെന്നും പറഞ്ഞ് വീട്ടമ്മയിൽ നിന്നും 5000 രൂപയും, തുടർന്ന് വീട്ടമ്മ കൊടുത്ത അക്കൗണ്ട് നമ്പർ തെറ്റാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 20,000 രൂപയും കബളിപ്പിച്ചു. ഇത്തരത്തിൽ പലതവണങ്ങളിലായി വീട്ടമ്മയിൽ നിന്നും 45,000 രൂപ വരെ തട്ടിയെടുക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ വീട്ടമ്മയുടെ പണം ഇവരുടെ അക്കൗണ്ടിൽ ചെന്നതായും, ഇവർ പണം പിൻവലിച്ചെടുത്തതായും കണ്ടെത്തുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group