video
play-sharp-fill

സംസ്ഥാനത്ത് 53 പേർക്ക് കോവിഡ് 19: 18 പേർ വിദേശത്തു നിന്നും എത്തിയവർ; കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും അൻപതിലധികം പേർക്കു കോവിഡ്; കോട്ടയത്ത് രണ്ടു ഹോട്ട് സ്‌പോട്ട് കൂടി; വെള്ളാവൂരും മീനടവും ഹോട്ട് സ്‌പോട്ട് പട്ടികയിൽ

സംസ്ഥാനത്ത് 53 പേർക്ക് കോവിഡ് 19: 18 പേർ വിദേശത്തു നിന്നും എത്തിയവർ; കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും അൻപതിലധികം പേർക്കു കോവിഡ്; കോട്ടയത്ത് രണ്ടു ഹോട്ട് സ്‌പോട്ട് കൂടി; വെള്ളാവൂരും മീനടവും ഹോട്ട് സ്‌പോട്ട് പട്ടികയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ 53 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും കൊല്ലം ജില്ലയിൽ നിന്നുള്ള 3 പേർക്കും പത്തനതിട്ട ജില്ലയിൽ നിന്നുള്ള 2 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേർ വിദേശത്ത് നിന്നും (ഒമാൻ-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡൽഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവർത്തകയാണ്.

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായിൽ നിന്ന് കേരളത്തിൽ ചികിത്സക്കായെത്തിയ ഇവർ കാൻസർ രോഗ ബാധിതയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയിൽ നിന്നുള്ള 3 പേരുടെയും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 7847 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 79,908 പേരും റെയിൽവേ വഴി 4028 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 93,404 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 95,394 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 94,662 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 732 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1726 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 53,873 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 52,355 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 8027 സാമ്പിളുകൾ ശേഖരിച്ചതിൽ 7588 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 18 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ, പാലക്കാട് ജില്ലയിലെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുൻസിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂർ, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂർ, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂർ, ഒഞ്ചിയം, കണ്ണൂർ ജില്ലയിലെ കൂടാളി, കണിച്ചാർ, പെരളശ്ശേരി, പന്ന്യന്നൂർ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 55 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.