play-sharp-fill
രാജകീയ ജീവിതം: സമ്പന്നതയിലും സുഖലോലുപതയിലും സാഹചര്യങ്ങൾ; പക്ഷേ, എല്ലാം താളതെറ്റിയത് എവിടെയെന്നറിയാതെ മരണം; മാന്യനെന്ന് പേരെടുത്ത കുന്നത്ത്കളത്തിൽ വിശ്വനാഥന് സംഭവിച്ച വൻ വീഴ്ച ഇങ്ങനെ

രാജകീയ ജീവിതം: സമ്പന്നതയിലും സുഖലോലുപതയിലും സാഹചര്യങ്ങൾ; പക്ഷേ, എല്ലാം താളതെറ്റിയത് എവിടെയെന്നറിയാതെ മരണം; മാന്യനെന്ന് പേരെടുത്ത കുന്നത്ത്കളത്തിൽ വിശ്വനാഥന് സംഭവിച്ച വൻ വീഴ്ച ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടിഫണ്ട്..! ഒരു മുഖവുര പോലും ആവശ്യമില്ലാത്ത വിശ്വാസത്തിന്റെ പര്യായമായിരുന്നു കഴിഞ്ഞ ജൂൺ 18 വരെ ആ പേര്. പക്ഷേ, എവിടെയോ എപ്പോഴോ ഒരു പാളം തെറ്റൽ. എല്ലാം തകിടം മറിയ്ക്കാൻ അത് ധാരളമായിരുന്നു. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ താളപ്പിഴയുടെ ജീവിതം തുടങ്ങുന്നത് എവിടെ നിന്നാണെന്ന ദുരൂഹത ബാക്കി നിർത്തി ഉടമ വിശ്വനാഥൻ ആറു നില കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി ജീവനൊടുക്കുമ്പോൾ നശോന്മുഖമാകുന്നത് വ്യവസായ രംഗത്ത് കോട്ടയത്തിന്റെ മികച്ച പേരായിരുന്നു. കാരാപ്പുഴ തെക്കുംഗോപുരം കുന്നത്ത്കളത്തിൽ ജിനോഭവനിൽ വിശ്വനാഥൻ (61)മരിച്ചതോടെ ഒരു നൂറ്റാണ്ട് നീളുന്ന വിശ്വാസമാണ് കോട്ടയത്തിന്റെ മണ്ണിൽ അലിഞ്ഞു ചേരുന്നത്.
കോട്ടയം നഗരത്തിൽ സെൻട്രൽ ജംഗ്ഷനിലെ ഒരു അടയാള ശിലയായിരുന്നു കുന്നത്ത്കളത്തിൽ ജുവലറി. 125 വർഷത്തിന്റെ പാരമ്പര്യം പറയാനുണ്ട് കോട്ടയം നഗരത്തിൽ കുന്നത്ത്കളത്തിൽ ജുവലറിയ്ക്ക്. കുമരകത്തു നിന്നും നഗരമധ്യത്തിൽ സ്വർണ്ണക്കച്ചവടം ചെയ്യാനെത്തിയ കുടുംബം നഗരത്തിന്റെ അഭിമാന സ്തംഭമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നഗരത്തിന്റെ നേട്ടങ്ങളും, കോട്ടങ്ങളും, പ്രതിഷേധങ്ങളും, ഘോഷയാത്രകളും, ആഘോഷങ്ങളും, ഉത്സവങ്ങളും എല്ലാം കുന്നത്ത്കളത്തിൽ ജുവലറിയെച്ചുറ്റിയാണ് കടന്നു പോയിരുന്നത്. ഒരു നൂറ്റാണ്ടിന്റെ പ്രൗഡിയുമായി സെൻട്രൽ ജംഗ്ഷനിൽ എന്നും തല ഉയർത്തി നിന്നിരുന്നു കുന്നത്ത്കളത്തിൽ ജുവലറി.
അച്ഛൻ തുടങ്ങി വച്ച സംരംഭം, ഒരു തരിമ്പും തല താഴ്ത്താതെ ഉയർത്തിപ്പിടിച്ചാണ് കഴിഞ്ഞ ആറു മാസം മുൻപ് വരെ വിശ്വനാഥൻ കൊണ്ടു നടന്നിരുന്നത്. പാരമ്പര്യവും പ്രൗഡിയും, കുടുംബമഹിമയും എല്ലാം സമം ചേർത്ത തറവാടി തന്നെയായിരുന്നു വിശ്വനാഥൻ എന്നും. സൗമ്യൻ, ആർക്കും സമീപിക്കാവുന്ന കാരുണ്യവാൻ, നേരും നെറിവും നന്മയുമുള്ള വ്യവസായി എന്നിങ്ങനെ പരിചയപ്പെടുന്ന ആർക്കും പേരെടുത്തു പറയാൻ നൂറ് ഗുണങ്ങളുണ്ടായിരുന്നു വിശ്വനാഥനെപ്പറ്റി. മദ്യപാനമില്ല, പുകവലിയില്ല. മറ്റ് ദുർഗുണങ്ങൾ ഒന്നും തന്നെയില്ലാത്ത വിശ്വനാഥൻ ആർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങളിൽ ഒന്ന് തന്നെയായിരുന്നു.
പത്ത് വർഷം മുൻപ് മകന്റെ മരണത്തോടെയാണ് ആ കുടുംബത്തിന്റെ അടിത്തറയ്ക്ക് താളം തെറ്റിത്തുടങ്ങുന്നത്. കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥിയായ മകൻ മരിച്ചതോടെ വിശ്വനാഥൻ മാനസികമായി തളർന്നു. ഈ തളർച്ച മുതലെടുത്ത് മരുമക്കൻ വ്യവസായത്തിലേയ്ക്ക് കടന്നു. ഇവരാണ് പിന്നീട് വ്യവസായം നിയന്ത്രിച്ചതും. മരുമക്കളും ഒപ്പമുണ്ടായിരുന്ന ജീവനക്കാരിൽ പലരും വിശ്വനാഥനെ കബളിപ്പിച്ച് ആകാശംമുട്ടെയാണ് വളർന്നത്.
ജീവിതത്തിന്റെ 90 ശതമാനവും സമ്പന്നതയുടെ മടിത്തട്ടിൽ കഴിഞ്ഞ വിശ്വനാഥനെ കടക്കാരനും തട്ടിപ്പുകാരനുമാക്കിയതും, ജയിലിലടയ്ക്കാനിടയാക്കിയതും മരുമക്കളുടെയും മക്കളുടെയും ധൂർത്ത് തന്നെയാണ് പ്രധാന കാരണം. സാമ്പത്തിക ബാധ്യതകൾക്ക് പിന്നാലെ നോട്ട് നിരോധനം കൂടി എത്തയതോടെ വിശ്വനാഥന്റെ വ്യവസായ ശൃംഖല കൂടി പൂർണമായും തകർന്നു. ഇത് വിശ്വനാഥനെ മാനസികമായി തകർത്ത്കളയാൻ പര്യാപ്തമായിരുന്നു. പല തവണ പിടിച്ചു കയറാൻ ശ്രമിച്ചെങ്കിലും അപകടത്തിന്റെ ആഴങ്ങളിലേയ്ക്ക് അദ്ദേഹം ഇതിനോടകം എത്തിച്ചേർന്നിരുന്നു. ഒടുവിൽ വിശ്വനാഥന്റെ കാൽച്ചുവട്ടിലെ മണ്ണ് കഴിഞ്ഞ ജൂണിൽ പൂർണമായും ഒലിച്ചു പോയി. പാപ്പർ ഹർജി നൽകി സബ് കോടതിയിൽ സ്വത്ത് മുഴുവൻ സമർപ്പിക്കാൻ തീരുമാനിച്ച വിശ്വനാഥന് പിന്നീട് നാട് വിടുകയല്ലാതെ രക്ഷയില്ലായിരുന്നു. പൊലീസ് പിടിയിലും, ഒടുവിൽ ജയിലിലും കഴിഞ്ഞ വിശ്വനാഥൻ പുറത്തിറങ്ങിയപ്പോൾ മരണമല്ലാതെ മറ്റൊരു മാർഗം മുന്നിലില്ലായിരുന്നു.
കോട്ടയം നഗരത്തിൽ രാജകീയമായ പ്രൗഡിയിലായിരുന്നു വിശ്വനാഥൻ കഴിഞ്ഞിരുന്നത്. ജീവിതത്തിന്റെ ഏറിയ പങ്കും എല്ലാവരാലും അംഗീകാരങ്ങൾ മാത്രമാണ് ഇദ്ദേഹത്തെ തേടി എത്തിയിരുന്നത്. പേരും പെരുമയും പ്രൗഡിയും എന്നും വിശ്വനാഥന്റെ പേരിനൊപ്പം ചേർത്തു വച്ചിരുന്നു. തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാ വർഷവും ആദ്യ സംഭാവന വിശ്വനാഥന്റെ കയ്യിൽ നിന്നായിരുന്നു. നിരവധി ക്ഷേത്രങ്ങളാണ് വിശ്വനാഥന്റെ കയ്യിൽ നിന്നും ആദ്യസംഭാവന വാങ്ങി ഐശ്വര്യത്തോടെ ഉത്സവം തുടങ്ങാൻ കാത്തിരുന്നത്. ജീവിതത്തിന്റെ അവസാന ആറുമാസം, എല്ലാം നശിച്ച് നാശോനുമുഖമായി തലകുനിച്ച് നഗരത്തിൽ നടക്കാൻ അദ്ദേഹം ആശിച്ചിരുന്നില്ല. തല ഉയർത്തി തന്നെ അദ്ദേഹം മടങ്ങി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചാണ് ആ മടക്കം..!