സമയത്ത് ആളെത്താതെ ലീഗൽ മെട്രോളജി ഓഫിസ്: സ്റ്റോക്കിൽ വൻ വെട്ടിപ്പുമായി തിരുവഞ്ചൂർ ജുവനൈൽ ഹോം; കണക്കിലെ കള്ളക്കളികൾ വിജിലൻസ് പരിശോധനയിൽ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സാമൂഹ്യ ക്ഷേമവകുപ്പിന്റെയും ലീഗൽ മെട്രോളജി ഓഫിസിലും വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വമ്പൻ വെട്ടിപ്പുകൾ. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ജില്ലയിലെ ഓഫിസുകളിലും വിജിലൻസ് സംഘം പരിശോധന നടത്തിയതും ക്രമക്കേടുകൾ കണ്ടെത്തിയതും. വൻ വെട്ടിപ്പുകളാണ് ജുവനൈൽ ഹോമുകളിലും ലീഗൽ മെട്രോളജി ഓഫിസിലും നടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
സാമൂഹ്യ ക്ഷേമവകുപ്പിന്റെ കീഴിലുള്ള തിരുവഞ്ചൂർ ജുവനൈൽ ഹോമിലും, കല്ലറയിലെ വൃദ്ധ സദനത്തിലും, ലീഗൽ മെട്രോളജി  വകുപ്പിന്റ കോട്ടയം, വൈക്കം, പാലാ ഓഫിസിലുമാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. വൈക്കം, പാലാ ഓഫിസിൽ കൃത്യമായി ജീവനക്കാർ ഹാജരാകുന്നില്ലെന്ന് കണ്ടെത്തി. കോട്ടയം ലീഗൽ മെട്രോളജി ഓഫിസിൽ രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കുന്നില്ലെന്നു കണ്ടെത്തി. ഇവിടെ എത്തിയ ഏജന്റിന്റെ പക്കൽ നിന്നും ലൈസൻസിനുള്ള 26 അപേക്ഷകൾ പിടിച്ചെടുത്തു. പരാതികൾക്ക് രജിസ്റ്റർ പരിപാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലായിലെ ഓഫിസിൽ ജീവനക്കാർ കൃത്യ സമയത്ത് എത്തിയില്ല. വിജിലൻസ് സംഘം എത്തിയ ശേഷം 11 മണിയോടെയാണ് ഇവിടെ ഓഫിസ് തുറന്നത്.
തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ സ്റ്റോക്ക് രജിസ്റ്ററിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. കല്ലറയിലെ വൃദ്ധ സദനത്തിൽ കാര്യമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. ഡിവൈ.എസ്.പിമാരായ എൻ.രാജൻ, എം.കെ മനോജ്, സി.ഐമാരായ റിജോ പി.ജോസഫ്, വി.എ നിഷാദ്മോൻ, രാജൻ കെ.അരമന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.