video
play-sharp-fill
നേട്ടമായത് ഇടത് തരംഗം; കോൺഗ്രസിനു കനത്ത തിരിച്ചടി; കാലുവാരി എസ്.എൻ.ഡിപി

നേട്ടമായത് ഇടത് തരംഗം; കോൺഗ്രസിനു കനത്ത തിരിച്ചടി; കാലുവാരി എസ്.എൻ.ഡിപി

സ്വന്തം ലേഖകൻ

കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ നേട്ടമുണ്ടാക്കുന്നത് ഇടതു മുന്നണി. ഇടതു സർക്കാരിന്റെ പ്രവർത്തനവും ചിട്ടയായ പ്രചാരണവും നേട്ടത്തിനു കാരണമായതായി ഇടതു മുന്നണി സ്ഥാനാർഥി കണക്കു കൂട്ടുന്നു. എന്നാൽ, പാർട്ടിയിലെ പടലപ്പിണക്കവും ഗ്രൂപ്പിസവും സ്ഥാനാർഥിയോടുള്ള എതിർപ്പുമാണ് ചെങ്ങന്നൂരിൽ കോൺഗ്രസിനു കനത്ത തിരിച്ചടി നൽകിയത്. എസ്.എൻ.ഡി.പിയുടെയും ബിഡിജെഎസിന്റെയും എതിർപ്പും ബിജെപിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമാണ് ഇവിടെ കനത്ത തിരിച്ചടിയായത്.
തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനു ശേഷം കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾ തങ്ങളുടെ പരാജയം ഉറപ്പെന്ന രീതിയിൽ പ്രതികരിച്ചിരുന്നു. രണ്ടു സ്ഥാനാർത്ഥികളും പരാജയം ഉറപ്പെന്ന രീതിയിൽ തന്നെയാണ് വോട്ടെടുപ്പിനു തലേന്ന് പ്രതികരിച്ചത്. ഇതേ തുടർന്നു തന്നെ ഇടതു ക്യാമ്പ് ആഹ്‌ളാദത്തിലായിരുന്നു.
സിപിഎമ്മിലെ കെ.കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിൽ വേണ്ടി വന്നത്. ഇവിടെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ചിട്ടയായ പ്രവർത്തനമാണ് ഇടതു മുന്നണിയും സിപിഎമ്മും നടത്തിയത്. ജില്ലാ സെക്രട്ടറി സജി ചെറിയാൻ തന്നെ മത്സര രംഗത്തിറങ്ങിയപ്പോൾ, മന്ത്രി ജി.സുധാകരൻ തന്നെ നേരിട്ട് തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കാൻ രംഗത്തിറങ്ങി.
പക്ഷേ, കോൺഗ്രസിനു തിരിച്ചടിയായത് പാർട്ടിയ്ക്കുള്ളിലെ പ്രാദേശികവും സംസ്ഥാന തലത്തിലുമുള്ള ഗ്രൂപ്പിസമാണ്. താഴേക്കിടയിൽ പ്രവർത്തകരുടെ പരാജയം പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. മുൻ എംഎൽഎ പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്താൻ ഒരു വിഭാഗം ശക്തമായി രംഗത്ത് എത്തിയപ്പോൾ, ആ വിഭാഗം അപ്രീതിയിലായിരുന്നു. ഇത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഒരു വിഭാഗം പ്രവർത്തനത്തിലും വോട്ടെടുപ്പിലും നിന്നു വിട്ടു നിന്നപ്പോൾ കോൺഗ്രസ് അടിപടലേ തകർന്നു.
ബിജെപിയ്ക്കു ഏറ്റവും വലിയ തിരിച്ചടി നൽകിയത് എസ്.എൻ.ഡി.പിയുടെയും – ബിഡിജെഎസിന്റെയും എതിർപ്പ് തന്നെയാണ്. എസ്.എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപിക്കെതിരെ പരസ്യമായി രംഗത്ത് എത്തിയപ്പോൾ, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി രഹസ്യമായി ബിജെപിക്കെതിരെ ഇവിടെ പ്രവർത്തിക്കുകയായിരുന്നു. ഇതെല്ലാം ശക്തമായി ബിജെപിക്കും എൻഡിഎയ്ക്കും തിരിച്ചടിച്ചു.