‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’..! പ്രതിപക്ഷത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോയെന്ന് വി ഡി സതീശൻ…! സ്ത്രീ സുരക്ഷ സംബന്ധിച്ച് അടിയന്തര പ്രമേയം തള്ളി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷ സംബന്ധിച്ച് അടിയന്തര പ്രമേയം സ്പീക്കർ തള്ളിയതോടെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പോത്തൻകോടിനടുത്ത് 16 വയസ്സുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.
സ്ത്രീ സുരക്ഷാ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോയെന്ന് വി ഡി സതീശൻ ചോദിച്ചു.സെക്രട്ടേറിയറ്റിനു മൂക്കിനു താഴെ സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉന്നയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയന്തര സ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയത്. സ്പീക്കർ നീതി പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
നിയമസഭയിൽ ഭരണ–പ്രതിപക്ഷ ബഹളത്തിനിടെ നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേൾക്കരുതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’–മന്ത്രി സ്പീക്കറോടായി പറഞ്ഞു.