കാസർകോട്: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിവാഹ ഫോട്ടോയിലൂടെ ലഹരിക്കേസ് പ്രതിയെ എക്സൈസ് പിടികൂടി. കാസർകോട് സ്വദേശി വിഷുകുമാറാണ് പിടിയിലായത്.
അടുത്തിടെയാണ് വിഷുകുമാർ വിവാഹം കഴിച്ചത്.
ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്. കല്യാണം കഴിച്ച സന്തോഷത്തില്‍ പ്രതി ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഫോട്ടോയില്‍ നിന്ന് ക്ഷേത്രത്തില്‍ വച്ചാണ് വിവാഹമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് ക്ഷേത്രം ഏതെന്ന് കണ്ടെത്തി ഭാരവാഹികളുമായി ബന്ധപ്പെട്ടു. മാർച്ച് ആദ്യവാരത്തിലാണ് വിവാഹം നടന്നതെന്നും ഭാരവാഹികള്‍ വിവരം നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ എക്സൈസ് സംഘം വിഷുകുമാറിന്റെ ഭാര്യയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അന്വേഷണത്തിനൊടുവില്‍ ഭാര്യയുടെ വീട് കണ്ടെത്തി. എക്സൈസ് സംഘം എത്തുമ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനു കീഴില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു പ്രതി.
നിരവധി അബ്‌കാരി, എൻഡിപിഎസ് കേസുകളില്‍ പ്രതിയാണ് വിഷുകുമാർ.കർണാടകയിലും മറ്റും ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.