കാട്ടുപന്നിയെ കുടുക്കാൻ വച്ച ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു; മൂന്നു പ്രതികൾ പൊലീസ് പിടിയിൽ; മരിച്ചയാളുടെ മൃതദേഹം മാറ്റിയിട്ട് തെളിവ് നശിപ്പിക്കാനും ശ്രമം

തേർഡ് ഐ ക്രൈം

കുഴൽമന്ദം: കൃഷി നശിപ്പിക്കുന്ന പന്നിയെ പിടികൂടാൻ കൃഷിയിടത്തിനു സമീപം സ്ഥാപിച്ച വൈദ്യുതി ലൈനിൽ തട്ടി യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കുത്തനൂർ ഇയ്യംകുളം പ്രവീണിനെയാണ് വൈദ്യുതി ലൈൻ സ്ഥാപിച്ച കുഴൽമന്ദത്തെ കൃഷിയിടത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുത്തന്നൂർ ഇയ്യംകുളം ഭാസ്‌കരൻ (48), പ്രകാശൻ (40), സൂരജ് (32) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഭാസ്‌കരന്റെ കൃഷിയിടത്തിൽ നിരന്തരമായി കാട്ടു പന്നികൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ഇത് തടയുന്നതിനു വേണ്ടിയാണ് പ്രതികൾ ചേർന്നു, സെപ്റ്റംബർ നാലിനു പുരയിടത്തിന്റെ അതിർത്തിയിൽ കമ്പിവേലി സ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ഇ.ബി ലൈനിൽ നിന്നും കറണ്ട് വലിച്ചു കെണി ഒരുക്കുകയായിരുന്നു. രാത്രി അതുവഴി വന്ന പ്രവീൺ കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ സ്ഥലത്ത് എത്തിയ പ്രതികൾ ഇതു കണ്ടു പരിഭ്രാന്തരായി മരിച്ച പ്രവീണിന്റെ മൃതദേഹം കുറച്ചു അകലെ ആളുകൾ കാണുവാൻ ഇടയുള്ള ഭാഗത്തേക്ക് മാറ്റി കിടത്തുകയായിരുന്നു.

വൈദ്യുതി ഷോക്കേറ്റാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് വ്യക്തമായിരുന്നു. തുടർന്ന് പരിസരവാസികളെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ച് ഇലട്രിക് കെണി ഒരുക്കാൻ ഉപയോഗിച്ച സാമഗ്രികൾ കണ്ടെടുത്തു. പ്രതികളെ കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേത്യത്വത്തിൽ കുഴൽമന്ദം ഇൻസ്‌പെക്ടർ ഇ.പി. രാമദാസ്, സബ്ബ് ഇൻസ്‌പെക്ടർ എ. അനൂപ്, അഡിഷണൽ എസ്.ഐ ദിനു റൈനി, എ.എസ്.ഐ മാരായ താജുദ്ധീൻ, സുരേന്ദ്രൻ, സീനിയർ സി.പി.ഒ അബിദ, സ്‌ക്വാഡ് അംഗങ്ങൾ ആയ റഹിം മുത്തു, കൃഷ്ണ ദാസ്.ആർ .കെ, സൂരജ് ബാബു. യു , ദിലീപ്. കെ, ഷിബു .ബി ഷിജു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.