കുറിച്ചിയിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ
കുറിച്ചി: കുറിച്ചിയിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വീട്ടമ്മയുടെ മൃതദേഹം. സംഭവത്തിൽ ദുരൂഹത. കുറിച്ചി ബഥേൽ ആശ്രമത്തിനു സമീപം പുലിപ്ര റെജിയുടെ ഭാര്യ ഷൈനി എബ്രഹാം (46) നെയാണ് ഇന്ന് 3 മണിയോടെ വീടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ തഹസിൽദാർ എത്തിയതിനു ശേഷം മാത്രമേ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കാവൂ എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് വീട്ടിൽനിന്നും അസ്വഭാവികമായ രീതിയിൽ തീയും പുകയും കണ്ടതിനെതുടർന്ന് നാട്ടുകാർ അന്വേഷണം നടത്തിയത്. തുടർന്ന് വിവരം ചിങ്ങവനം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കിടപ്പ് മുറിയോട് ചേർന്നുള്ള മുറിയിൽ ഷൈനിയുടെ മൃതദേഹം കണ്ടെത്തിയത്. പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുറിയ്ക്കുള്ളിലെ ഗൃഹോപകരണങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. അലമാരയും വസ്ത്രങ്ങളുമടക്കം തീ പിടുത്തത്തിൽ കത്തി ചാമ്പലായി. മണ്ണെണ്ണയോ പെട്രോളോ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചിരിക്കുന്നത്. ഷൈനിയുടെ ഭർത്താവ് റെജി കുറിച്ചി പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയിലെ ജീവനക്കാരനാണ്. റെജി ഇന്ന് ജോലിക്ക് പോയിരുന്നില്ലെന്നാണ് പോലീസിന് നാട്ടുകാർ നൽകുന്ന സൂചന. നേരത്തെ ഇരുവരും തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതാണ് മരണത്തിൽ നാട്ടുകാർ സംശയം ആരോപിക്കുന്നതിന് കാരണം. ഇതേ തുടർന്നാണ്ഇൻക്വസ്റ്റ് നടപടികൾ തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. ചിങ്ങവനം എസ്.ഐ അനൂപ് സി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കിടക്കുന്ന വീടിനുള്ളിൽ ആളുകൾ കയറാതിരിക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റെജിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തഹസിൽദാർ എത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.