play-sharp-fill
കുന്നത്ത്കളത്തിൽ ചിട്ടി – ജുവലറി തട്ടിപ്പ്: നിക്ഷേപകർ വീണ്ടും വഞ്ചിക്കപ്പെട്ടു; ക്രൈംബ്രാഞ്ച് – കോടതി നടപടികൾ എങ്ങുമെത്തിയില്ല; ആറു മാസം കഴിഞ്ഞിട്ടും നിക്ഷേപകർ പെരുവഴിയിൽ തന്നെ; ഒരു രൂപ പോലും തിരികെ ലഭിക്കില്ലെന്ന ആശങ്കയിൽ നിക്ഷേപകർ

കുന്നത്ത്കളത്തിൽ ചിട്ടി – ജുവലറി തട്ടിപ്പ്: നിക്ഷേപകർ വീണ്ടും വഞ്ചിക്കപ്പെട്ടു; ക്രൈംബ്രാഞ്ച് – കോടതി നടപടികൾ എങ്ങുമെത്തിയില്ല; ആറു മാസം കഴിഞ്ഞിട്ടും നിക്ഷേപകർ പെരുവഴിയിൽ തന്നെ; ഒരു രൂപ പോലും തിരികെ ലഭിക്കില്ലെന്ന ആശങ്കയിൽ നിക്ഷേപകർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഴിഞ്ഞ വർഷം കോട്ടയം ജില്ലയെ തന്നെ ഞെട്ടിച്ച കുന്നത്ത്കളത്തിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു രൂപ പോലും നിക്ഷേപകർക്ക് തിരികെ ലഭിക്കില്ലെന്ന ആശങ്ക കൂടുതൽ ശക്തമാകുന്നു. കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടിക്കമ്പനി ഉടമ കാരാപ്പുഴ തെക്കുംഗോപുരം ജിനോഭവനിൽ വിശ്വനാഥന്റെ മരണത്തോടെയാണ് കേസ് വീണ്ടും മന്ദഗതിയിൽ ആയത്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കേസ് നടപടികൾ എങ്ങുമെത്താതെ വന്നതോടെ നൂറുകോടി രൂപയിലധികം നിക്ഷേപിച്ച സാധാരണക്കാരായ നിക്ഷേപകരാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ച് പൂട്ടിയ വാർത്തയും, ഉടമ വിശ്വനാഥന്റെ മരണ വാർത്തയും ആദ്യമായി പുറത്ത് എത്തിച്ചത് തേർഡ് ഐ ന്യൂസ് ലൈവായിരുന്നു.


കഴിഞ്ഞ വർഷം ജൂണിലാണ് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് കോട്ടയം സബ് കോടതിയിൽ പാപ്പർ ഹർജി സമർപ്പിച്ച ശേഷം സ്ഥാപനം പൂട്ടി സ്ഥലം വിട്ടത്. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഉടമ വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ജയചന്ദ്രൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ജുവലറി പൂട്ടിയതോടെ കേസിലെ പ്രതികളെല്ലാവരും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഒരു മാസത്തിനു ശേഷമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തത്. 104 ദിവസം കോട്ടയം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന വിശ്വനാഥൻ നവംബർ മൂന്നിനാണ് ജീവനൊടുക്കിയത്. നാഗമ്പടം എസ്.എച്ച് ആശുപത്രിയിലെ നാലാം നിലയിൽ നിന്നു ചാടിയാണ് വിശ്വനാഥൻ ജീവനൊടുക്കിയത്.
പാപ്പരാണെന്നു പ്രഖ്യാപിക്കുകയും, ആസ്ഥിയെല്ലാം കോടതിയ്ക്കു സമർപ്പിക്കുകയും ചെയ്ത ശേഷമാണ് വിശ്വനാഥൻ ജീവനൊടുക്കിയത്.
വിശ്വനാഥനും ഭാര്യയ്ക്കുമെതിരെ വിശ്വാസ വഞ്ചനയും, തട്ടിപ്പും, ഗൂഡാലോചനയും അടക്കമുള്ള വകുപ്പുകൾ ചുമത്തി അഞ്ചു കേസുകളാണ് വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. നൂറ് കോടിയ്ക്കു മുകളിൽ പണമിടപാടുള്ള കേസായതിനാൽ തന്നെ അന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിനു പൊലീസ് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിശ്വനാഥൻ ജീവനൊടുക്കിയതും കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ തന്നെ വഴിമുട്ടിപ്പോയതും.
കോട്ടയം വെസ്റ്റ് , ഈസ്റ്റ്, ചങ്ങനാശേരി പൊലീസ് സ്റ്റേഷനുകളിലായി 1025 പേരാണ് ഇതുവരെ കുന്നത്ത്കളത്തിൽ ഗ്രൂപ്പിനെതിരെ പരാതി നൽകിയിരിക്കുന്നത്. കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ചതിനെ തുടർന്ന് തുടർ നടപടികൾക്കായി അഡ്വ. വിനോദ് കുമാറിനെയാണ് കോടതി റിസീവർ ആയി നിയമിച്ചിട്ടുമുണ്ട്. ഈ റിസീവർ ഇവരുടെ ആസ്ഥിവിവരങ്ങൾ പരിശോധിച്ച് തിട്ടപ്പെടുത്തിയ ശേഷം കണക്ക് കോടതിയിൽ സമർപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, വിശ്വനാഥന്റെ മരണത്തോടെ ഈ നടപടികളെല്ലാം ഇപ്പോൾ ഏതാണ്ട് അവസാനിച്ച രീതിയിലാണ്. അന്വേഷണം പോലും ഇതുവരൈയും എങ്ങും എത്തിയിട്ടുമില്ല.
കോട്ടയം സബ് കോടതിയിൽ നടക്കുന്ന സിവിൽ കേസും, മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുന്ന ക്രിമിനൽക്കേസ് നടപടിക്രമങ്ങളും എല്ലാം ചടങ്ങുകൾ മാത്രമായാണ് ഇപ്പോൾ അവശേഷിക്കുന്നത്. ്അക്ഷരാർത്ഥത്തിൽ സാധാരണക്കാരായ നിക്ഷേപകർക്ക് കോടികൾ നഷ്ടമായി എന്നത് മാത്രമാണ് ഇപ്പോൾ യാഥാർത്ഥ്യമായി നിലനിൽക്കുന്നത്. ഈ തുക എന്ന് കിട്ടും എന്ന കാര്യത്തിൽ പോലും ഇനിയും വ്യക്തതയായിട്ടില്ല.
പാപ്പർ ഹർജിയിൽ കോടതിയിൽ റിസീവർ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ ഉണ്ടാകുക. എന്നാൽ, ആസ്ഥി വിവരം അടങ്ങിയ റിപ്പോർട്ട് ഇതുവരെയും കേസിൽ ഇവർ സമർപ്പിച്ചിട്ടില്ല. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ സ്വത്ത് വിവരങ്ങൾ തിട്ടപ്പെടുത്തണമെന്ന കോടതി നിർദേശമാണ് ആറു മാസം കഴിഞ്ഞിട്ടും പൂർത്തിയാകാതെ ഇരിക്കുന്നത്. ക്രിമിനൽക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും മെല്ലെപ്പോക്കിൽ തന്നെയാണ്. കേസിൽ ഇതുവരെയും തുടർ നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടില്ല. കേസിലെ പ്രധാന പ്രതി മരിച്ചതോടെ ഇനി എന്ത് എന്ന ആശങ്കയിലാണ് നിക്ഷേപകരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group