പ്രസവവേദന കൂടിയെന്ന് പറഞ്ഞപ്പോൾ നഴ്സുമാർ വഴക്ക് പറഞ്ഞു, ശുചിമുറിയിൽ പോയപ്പോൾ കുഞ്ഞ് പുറത്തേക്ക്; സംഭവം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ; പരാതിയുമായി കുടുംബം, അണുബാധയേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
തൃശ്ശൂർ: കുന്നംകുളം താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടർന്ന് യുവതി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതിയുമായി കുടുംബം രംഗത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ഞൂർ മുട്ടിൽ സ്വദേശിനി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്.
സംഭവത്തെ തുടർന്ന് കുഞ്ഞിന് അണുബാധയേറ്റിരിക്കുകയാണെന്നും, കുട്ടിയെ തൃശ്ശുരിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്നും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് യുവതിയോട് പ്രസവത്തിനായി എത്താൻ ഡോക്ടർ നിർദ്ദേശം നൽകിയത്.
എന്നാൽ ഒരു ദിവസം നേരത്തെത്തന്നെ വേദന വന്നതിനാൽ യുവതി ആശുപത്രിയിലെത്തി.എന്നാൽ ഡോക്ടർ ഇല്ലെന്നും വേദനയ്ക്ക് ഒരു ഇഞ്ചക്ഷൻ എടുക്കാമെന്നും പറഞ്ഞ് നഴ്‌സുമാർ യുവതിക്ക് ഇഞ്ചക്ഷൻ നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ യുവതിക്ക് വീണ്ടും വേദന കൂടുകയായിരുന്നു. ഇത് നഴ്‌സുമാരെ ധരിപ്പിച്ചപ്പോൾ വഴക്ക് പറഞ്ഞതായും യുവതി പറയുന്നു. ഇതിനിടയിൽ ശുചിമുറിയിൽ പോയപ്പോൾ കുഞ്ഞ് പുറത്തേക്ക് വന്നു. ഇത് കണ്ട് ഭയന്ന യുവതി പുറത്തേക്കോടുകയായിരുന്നു. എന്നാൽ വരാന്തയിൽ വച്ച് തന്നെ പൊക്കിൾ കൊടി മുറിച്ചുമാറ്റി ലേബർ റൂമിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുകയും മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റുന്നതിനു നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെ ബന്ധുക്കളെത്തി കുഞ്ഞിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഇവർ ആശുപത്രി ജീവനക്കാരുടെയും യുവതിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് .ബന്ധുക്കൾ മന്ത്രി ഉൾപ്പടെയുള്ളവർക്കു പരാതി നൽകിയതോടെ ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി പരിശോധന നടത്തി.