video
play-sharp-fill

വിജനമായ പറമ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു ; വീട്ടമ്മയെ തിരിച്ചറിയാൻ സഹായിച്ചത് മൃതദേഹത്തിലുണ്ടായിരുന്ന താലി ; പൊള്ളലേറ്റത് ജീവനോടെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വിജനമായ പറമ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു ; വീട്ടമ്മയെ തിരിച്ചറിയാൻ സഹായിച്ചത് മൃതദേഹത്തിലുണ്ടായിരുന്ന താലി ; പൊള്ളലേറ്റത് ജീവനോടെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

മുളങ്കുന്നത്തുകാവ് : കുറാഞ്ചേരി മേൽപാലത്തിനു സമീപത്തെ വിജനമായ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ ചേന്നൻകണ്ടത്ത് രാമചന്ദ്രന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (51) ആണ് മരിച്ചത്.

ശനിയാഴ്ച വീട്ടിൽ നിന്നു കാണാതായിരുന്നു. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പാമ്പാടി ഐവർമഠത്തിൽ സംസ്‌കരിച്ചു. പൊള്ളലേറ്റതു ജീവനോടെയാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സ്വയം തീകൊളുത്തി മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. മൃതദേഹത്തിൽ നിന്നു ലഭിച്ച താലിയാണ് വീട്ടമ്മയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. താലിയിൽ രേഖപ്പെടുത്തിയിരുന്ന ഇംഗ്ലിഷ് അക്ഷരങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണം പൊലീസിനെ എത്തിച്ചത് താലി നിർമിച്ച എറണാകുളത്തെ ജ്വല്ലറിയിലായിരുന്നു.

ഈ ജ്വല്ലറിയിലെത്തിയ പൊലീസ് താലി വീട്ടമ്മയ്ക്കു വിൽപന നടത്തിയതായും സ്ഥിരീകരിച്ചു.അമ്മയെ കാണാനില്ലെന്ന മകന്റെ പരാതി ഒൻപതിന് ഒറ്റപ്പാലം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം കൂടി ലഭിച്ചതോടെ തിരിച്ചറിയൽ എളുപ്പമായിരുന്നു.

പരാതിക്കാരന്റെ മേൽവിലാസം ശേഖരിച്ചു രാത്രി വൈകിയാണ് വടക്കാഞ്ചേരി സിഐ എൻ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അമ്പലപ്പാറ ചേന്നൻകണ്ടത്ത് രാമചന്ദ്രന്റെ വീട്ടിലെത്തുന്നത്. മകനും ബന്ധുക്കളും താലിയും കമ്മലുകളും തിരിച്ചറിഞ്ഞു.

മാനസിക സമ്മർദംമൂലം കുറാഞ്ചേരിയിലെ സ്വകാര്യ മാനസികാരോഗ്യ കൗൺസലിങ് സെന്ററിൽ കുഞ്ഞുലക്ഷ്മി മൂന്നു തവണ ചികിത്സയ്‌ക്കെത്തിയിട്ടുണ്ട്. മരണം നടന്നത് കുറാഞ്ചേരിയിലാണെങ്കിലും ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്ന് ചികിത്സാ കേന്ദ്രത്തിലേക്കു നീളുന്ന റോഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയ പറമ്പ്. കുഞ്ഞുലക്ഷ്മിയുടെ മക്കൾ: ശാന്തകുമാരി, സരിത, സതീഷ്.