video
play-sharp-fill
കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ; നിലയ്ക്കൽ പ്രക്ഷോഭത്തിന്റെ നായകൻ ഇനി മിസോറാമിന്റെ അമരക്കാരൻ

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ; നിലയ്ക്കൽ പ്രക്ഷോഭത്തിന്റെ നായകൻ ഇനി മിസോറാമിന്റെ അമരക്കാരൻ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന ബിജെപി അധ്യക്ഷൻ കുമ്മനം രാജേശഖരനെ മിസോറാം ഗവർണറാക്കി നിശ്ചയിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായി ബിജെപി സംസ്ഥാന അധ്യക്ഷനു ലഭിച്ച സ്ഥാനലബ്ദി വോട്ട് ആകുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
മൂന്നു വർഷം മുൻപ് സംസ്ഥാനം മുഴുവൻ ഞെട്ടിച്ചാണ് കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മിസോറാം ഗവർണറാകുന്നതോടെ അഭിമാനംകൊള്ളുന്നത് ഒരു ഗ്രാമം കൂടിയാണ്. കുമ്മനത്തെ നാട്ടുവഴികളും, സ്‌കൂളും സി.എം.എസ് കോളേജിലും കറങ്ങി നടന്നിരുന്ന ആ ചെറുപ്പക്കാരനാണ് ഇനി മിസോറാമിന്റെ ശബ്ദമായി മാറുക.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി, ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി, ജന്മഭൂമി പത്രത്തിന്റെ ചെയമാൻ എന്നീ പദവികളിൽ ഇരിക്കെയാണ് അപ്രതീക്ഷിതമായി 2015 ൽ കുമ്മനത്തെ തേടി ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദവി എത്തിയത്. ഗ്രൂപ്പ് യുദ്ധവും തമ്മിലടിയുമായി നിന്നിരുന്ന ബിജെപി നേതൃത്വത്തെ മെരുക്കിയെടുത്ത് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോയത് കുമ്മനത്തിന്റെ സാത്വിക ഭാവത്തിനു തെളിവായിരുന്നു.
കോട്ടയം നഗരത്തിൽ നിന്നും 13 കിലോമീറ്റർ മാത്രം അകലെയുള്ള കുമ്മനം എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കുമ്മനം ഗവ.സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജശേഖരൻ, സി.എം.എസ് കോളേജിൽ നിന്നും ബി.എസ്.സി ബോട്ടണിയിൽ ബിരുദം നേടി. കുമ്മനത്തെ ശാഖയിൽ നിന്നും സംഘപ്രവർത്തകനായി പ്രയാണം ആരംഭിച്ച രാജശേഖരൻ, ബിജെപിയുടെ ആദ്യകാലരൂപമായ ജനസംംഘത്തിന്റെ പ്രവർത്തകനായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്.
സി.എം.എസിൽ നിന്നും ബിരുദവും, പിന്നീട് പത്രപ്രവർത്തനത്തിൽ ബിരുദാനന്ത ബിരുദവും നേടിയ കുമ്മനം, ജനസംഘത്തിന്റെ മുഖപത്രമായ രാഷ്ട്ര വാർത്ത എന്ന സായാഹ്ന പത്രത്തിൽ ജോലി നോക്കിയിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ആ പത്രം സർക്കാർ നിർത്തലാക്കിയതോടെ കേരള ശബ്ദത്തിലും പിന്നീട് ദീപിക പത്രത്തിലും ജോലി നോക്കി. 1977 ൽ ബിജെപി മുഖപത്രമായ ജന്മഭൂമി ആരംഭിച്ചതോടെ കുമ്മനം ജന്മഭൂമിയിലേയ്ക്കു ചുവടുമാറ്റി. പത്രപ്രവർത്തകനും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനുമായി സജീവമായി നിൽക്കുന്നതിനിടയിലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ എഫ്.സി.ഐയിൽ അദ്ദേഹത്തിനു ജോലി ലഭിക്കുന്നത്. രാഷ്ട്രീയവും പത്രപ്രവർത്തനവും ഉപേക്ഷിച്ച് കുമ്മനം എഫ്.സി.ഐയിൽ ജോലിയ്ക്ക്ു ചേർന്നു. പിന്നീട്, വിവിധ പ്രക്ഷോഭങ്ങളിലൂടെ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ നേതാവായി അദ്ദേഹം വളർന്നു.
ഏത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും കുമ്മനത്തെയും, സി.എം.എസ് കോളേജിനെയും അദ്ദേഹം കൈവിട്ടിട്ടില്ല. പേരിനൊപ്പം നാടിനെ ചേർത്തതു പോലെ തന്നെ സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം വീടും നാടുമായും ബന്ധം പുലർത്താറുണ്ട്. രാഷ്ട്രീയത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ച കുമ്മനത്തിന്റെ അർപ്പണമനോഭാവത്തിനുള്ള അർഹിച്ച അംഗീകാരമാണ് ഈ ഗവർണ്ണർ സ്ഥാനം.