സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സേവനം ജനങ്ങളിലെത്തിക്കാൻ കുടുംബശ്രീ സ്റ്റാൾ
സ്വന്തംലേഖകൻ
കോട്ടയം: സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടത്ത് നടക്കുന്ന പ്രദർശന വിപണ മേളയിൽ ജനപ്രിയമായി കുടുംബശ്രീ സ്നേഹിത സ്റ്റാൾ. ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്റ്റാളിലൂടെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കിന്റെ സേവനങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത് .
അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷണം നൽകുന്നതിനായി രൂപം കൊണ്ട കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക് ഇതിനോടകം ജില്ലയിൽ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സ്ത്രീ സുരക്ഷ, ലിംഗസമത്വം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ നൽകുന്നതിനൊപ്പം 24 മണിക്കൂർ ടെലി കൗൺസിലിംഗ് സേവനവും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ഉറപ്പു നൽകുന്നുണ്ട്.
കുടുംബശ്രീ അയൽകൂട്ടങ്ങളിൽ നടപ്പിലാക്കുന്ന ലിംഗ പദവി സ്വയം പഠന പ്രക്രിയയുടെ വിവിധ ഘട്ടങ്ങളും ,സ്ത്രീകൾ വിജയത്തിലേക്കെത്താൻ മറികടക്കേണ്ട പടവുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അതോടൊപ്പം സ്ത്രീ പുരുഷ സമത്വം കുടുംബത്തിലും സമൂഹത്തിലും നടപ്പാക്കുന്നതിൽ അഭിപ്രായം രേഖപ്പെടുത്തുവാനും ,ചിത്രം വരയ്ക്കുന്നതിനും സന്ദർശകർക്ക്
അവസര൦ ഒരുക്കുന്നതിനൊപ്പ൦ എല്ലാ ദിവസവും കുടുംബശ്രീയുമായി ബന്ധപ്പെട്ട് സ്റ്റാളിൽ പ്രദർശിപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകി നറുക്കെടുപ്പിലൂടെ കുടുംബശ്രീ ഉൽപ്പന്നങ്ങൾ സമ്മാനമായി നേടുവാനും സന്ദർശകർക്ക് അവസരമുണ്ട്.
രാവിലെ 10 മണി മുതൽ രാത്രി 7 മണി വരെയാണ് സ്റ്റാൾ പ്രവർത്തിക്കുക.