ജലീലിന് കുരുക്ക് മുറുകുന്നു : മന്ത്രി അമേരിക്കയിലേക്കും ഗൾഫിലേക്ക് നടത്തിയ വിദേശയാത്രകളെത്ര, യാത്രാലക്ഷ്യം എന്നിവയും എൻ.ഐ.എ നിരീക്ഷണത്തിൽ ;കോൺസുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ, ഇന്തപ്പഴം എന്നിവയുടെ ഉറവിടത്തെക്കുറിച്ചും അതിശക്തമായ അന്വേഷണം
സ്വന്തം ലേഖകൻ
കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു. കോൺസുലേറ്റ് വഴി ഖുറാൻ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ ജലീലിന്റെ വിദേശയാത്രകളുൾപ്പടെ എൻ.ഐ.എ. അന്വേഷിക്കും. മന്ത്രി അമേരിക്കയിലും ഗൾഫിലും നടത്തിയ വിദേശയാത്രകളാണ് പ്രധാനമായും അന്വേഷണപരിധിയിൽ വരിക.
മന്ത്രിയുടെ അമേരിക്കൻ യാത്രയിൽ പാക്കിസ്ഥാൻ സംഘനടയുടെ പരിപാടിയിൽ പങ്കെടുത്തുവെന്ന ആരോപണവും ഇപ്പോൾ സജീവമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ജലീലിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലീൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് നടത്തിയ യാത്രകൾ എത്ര അവയുടെ ലക്ഷ്യം എന്നിവയും പരിശോധിക്കും. ഇതിന് പുറമെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിൽനിന്ന് കണ്ടെടുത്ത ഡിജിറ്റൽ തെളിവുകളും ജലീലിൽനിന്നുള്ള മൊഴികളും ചേർത്തുവച്ച് എൻ.ഐ.എ പരിശോധനയ്ക്ക് വിധേയമാക്കും.
കേസിൽ സ്വപ്ന സുരേഷിനെ വീണ്ടുമൊരിക്കൽ കൂടി ചോദ്യം ചെയ്‌ശേഷമാകും ജലീലിനെ വിളിപ്പിക്കുക. ജലീലിനെ ചോദ്യം ചെയ്യുന്നതിനൊപ്പം കേസിൽ പ്രതിയാകാനും സാധ്യതയുണ്ട്.
സാക്ഷിയായാണ് ജലീലിനെ മൊഴി നൽകാൻ ആദ്യം എൻഐഎ വിളിച്ചു വരുത്തിയത്. എന്നാൽ മന്ത്രിയ്‌ക്കെതിരെ ഇനി കേസെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്.
ചോദ്യംചെയ്യാൻ വിളിപ്പിക്കുന്ന എല്ലാവർക്കും എൻ.ഐ.എ. സാധാരണ നൽകുന്നത് സി.ആർ.പി.സി. സെക്ഷൻ 160 പ്രകാരമുള്ള നോട്ടീസാണ്. ഏതു കേസിലാണ് വിളിപ്പിക്കുന്നത്, ഏതു സമയത്താണ് ഹാജരാകേണ്ടത് എന്നതടക്കമുള്ള വിവരങ്ങളടങ്ങിയ ഈ ഈ നോട്ടീസാണ് ജലീലിന് നൽകിയത്.
മതഗ്രന്ഥത്തിന്റെ മറവിൽ ഹവാല ഇടപാടുകളോ സ്വർണക്കടത്തുകളുമായോ ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
അതേസമയം മന്ത്രിയെ വ്യാഴാഴ്ച ചോദ്യം ചെയ്തതിന്റെ പകർപ്പ് ഡൽഹി, ഹൈദരാബാദ് ഓഫീസുകൾക്ക് രാത്രിയോടെ തന്നെ കൈമാറിയിട്ടുണ്ട്. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകണമെങ്കിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എൻഐഎ ഉദ്യോഗസ്ഥരുടെ നിലപാട്.