
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കവെ പാര്‍ട്ടിയുടെ ആഭ്യന്തര ഐക്യത്തെ പരീക്ഷിക്കുന്ന രീതിയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി കെ സുധാകന്റെ അനുയായികള്‍.
സുധാകരനെ നിയമസഭയില്‍ മത്സരിപ്പിക്കുകയും തുടര്‍ന്ന് മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തുകയും വേണമെന്ന ആവശ്യവുമായാണ് അദ്ദേഹത്തിന്റെ അണികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉ
യര്‍ന്നുവരുന്ന ഭീഷണികളും പ്രതിഷേധങ്ങളും കെപിസിസി നേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിനൊപ്പമാണ് കെപിസിസിയും. എന്നാല്‍, സുധാകരന്റെ നിയമസഭാ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നാണ് അണികളുടെ ആവശ്യം. ദീര്‍ഘകാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച സുധാകരന്റെ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് മത്സര അവസരം നല്‍കണമെന്നും, വിജയിച്ചാല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.
സമ്മര്‍ദ്ദത്തിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ശക്തമായ പ്രതിരോധത്തിലാണ്. പാര്‍ട്ടിയുടെ ജനാധിപത്യമായ പ്രക്രിയകള്‍ക്ക് മുന്നില്‍ ഒരു വ്യക്തിയുടെ അനുയായികളുടെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നാണ് അദ്ദേഹത്തിന്റെ വ്യക്തമായ നിലപാട്. കെപിസിസി യോഗങ്ങളിലും നേതൃത്വ ചര്‍ച്ചകളിലും ഈ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ അദ്ദേഹം ശക്തമായി എതിര്‍ത്തു. പാര്‍ട്ടിയുടെ ഐക്യവും അച്ചടക്കവും നിലനിര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ നിരീക്ഷകര്‍ വ്യത്യസ്തമായ കാഴ്ചപ്പാടാണ് മുന്നോട്ടു വെക്കുന്നത്. അണികളുടെ വ്യാപകമായ അസംതൃപ്തിയും പ്രതിഷേധവും കണക്കിലെടുത്ത് കെപിസിസി നേതൃത്വം വഴങ്ങാനാണ് സാധ്യത. സുധാകരന്റെ ജനപ്രിയതയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന സ്ഥാനവും കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തിന് അനുകൂലമായ ഒരു ഫോര്‍മുല തയ്യാറാക്കി അണികളെ തൃപ്തിപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുന്‍കാലങ്ങളില്‍ സമാന സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയ ചരിത്രവും പാര്‍ട്ടിക്കുണ്ട്.
എല്ലാവരും കരുതുന്നതുപോലെ യുഡിഎഫിന് ഈസി വാക്കോവര്‍ അല്ല ഈ തെരഞ്ഞെടുപ്പെന്നും സുധാകരന്‍ മത്സരിച്ചാല്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ജയന്ത് ദിനേശ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സുധാകരന്‍ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കണമെന്നതും യുഡിഎഫിന്റെ മന്ത്രിസഭ ഉണ്ടാകണമെന്നും അതില്‍ മന്ത്രി ആകണം എന്നതും ഞങ്ങള്‍ പ്രവര്‍ത്തകരുടെ ആഗ്രഹമാണ്.
അദ്ദേഹത്തെ വെട്ടിമാറ്റിയെന്ന് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തോന്നിയാല്‍ പിന്നെ അത് തിരഞ്ഞെടുപ്പിനെ മുഴുവന്‍ ബാധിക്കാന്‍ പോകുന്ന കാര്യമാണ്. മാറിനില്‍ക്കേണ്ടി വന്നപ്പോഴൊക്കെ അദ്ദേഹത്തിനോട് പല വാക്കുകളും നേതൃത്വം പറഞ്ഞിട്ടുണ്ട്. വാക്കു പാലിക്കാതെ ആ മനുഷ്യനെ അപമാനിച്ച് അവസാനിപ്പിക്കാന്‍ ഏതു നേതാവ് നോക്കിയാലും കയ്യുംകെട്ടി നോക്കി നില്‍ക്കുന്നവരല്ല കണ്ണൂരിലെ കോണ്‍ഗ്രസ് അണികളെന്നും ജയന്ത് മുന്നറിയിപ്പ് നല്‍കുന്നു.







