
കല്‍പ്പറ്റ: കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യവേ വൈദ്യുത പോസ്റ്റിലിടിച്ച് കൈയ്യറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ട് ശതമാനം പലിശയും കോടതിച്ചെലവും കെഎസ്‌ആർടിസി നല്‍കണമെന്ന് ഉത്തരവ്.
വയനാട് എംഎസിടി കോടതി ജഡ്‌ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്. അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകൻ മുഹമ്മദ് അസ്‌ലമിനാണ് (19) അപകടത്തില്‍ കൈ നഷ്ടപ്പെട്ടത്.
2023 ജനുവരി 17നാണ് സംഭവം നടന്നത്. അമ്പലവയല്‍ മാളികയില്‍ നിന്ന് സുല്‍ത്താൻ ബത്തേരിയിലേയ്ക്ക് കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്നു അസ്‌ലം. ബസിന്റെ ഇടതുഭാഗത്തായി സൈഡ് സീറ്റിലാണ് അസ്‌ലം ഇരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് മംഗലംകാപ്പ് എത്തിയപ്പോള്‍ എതിരെവന്ന വാഹനത്തിനായി ബസ് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലെ വൈദ്യുത പോസ്റ്റില്‍ അസ്‌ലമിന്റെ കൈ ഉരയുകയും കൈമുട്ടിന്റെ മുകളില്‍വച്ച് അറ്റ് പോവുകയുമായിരുന്നു. ബത്തേരിയിലെ കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് കോളേജില്‍ ഫാർമസി കോഴ്‌സ് വിദ്യാർത്ഥിയായിരുന്നു അസ്‌ലം.
അപകടത്തിന് പിന്നാലെ അസ്‌ലമിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും കൈ തുന്നിച്ചേർക്കാൻ സാധിച്ചില്ല. തുടർന്ന് വയനാട് എംഎസിടി കോടതിയില്‍ നഷ്ടപരിഹാരത്തിനായി ഹർജി നല്‍കുകയായിരുന്നു.
അപകടത്തിനിടയാക്കയ ബസ് ഇൻഷുർ ചെയ്തിട്ടില്ലാത്തതിനാലാണ് നഷ്ടപരിഹാരം കെഎസ്‌ആർടിസി നല്‍കേണ്ടതെന്ന് കോടതി വ്യക്തമാക്കി.







