ശമ്പള കുടിശിഖ എഴുതണമെങ്കിൽ കെ.എസ്.ആർ.ടി.സി യുടെ വനിത ക്ലർക്കിന് കൈക്കൂലി വേണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശമ്പള കുടിശിഖ എഴുതണമെങ്കിൽ കെ.എസ്.ആർ.ടി.സി യുടെ വനിത ക്ലർക്കിന് കൈക്കൂലി വേണം. കെ.എസ്.ആർ.ടി.സിയിൽ ശമ്പളക്കുടിശിക എഴുതാൻ കൈക്കൂലി ചോദിച്ച വനിതാ ക്ലർക്കിനെ രക്ഷിക്കാൻ അന്വേഷണ സ്‌ക്വാഡിന്റെ നീക്കം. ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ മൊഴി എടുത്തെങ്കിലും വനിത ക്ലർക്കിനെ സംരക്ഷിക്കാനാണു സ്‌ക്വാഡ് ശ്രമിക്കുന്നത്. ശമ്പളക്കുടിശിക എഴുതാൻ കെ.എസ്.ആർ.ടി.സിയിൽ 10% കമ്മീഷൻ ഉള്ളതാണ്. എന്നാൽ, കൈക്കൂലി ജീവനക്കാർ സ്വമേധയാ നൽകുന്നതാണെന്നാണ് സ്‌ക്വാഡിന്റെ കണ്ടെത്തൽ. ശമ്പളക്കുടിശിക എഴുതിയോയെന്നു തിരക്കിയ ഡ്രൈവറോട്, ഇല്ലെന്നും 2500 രൂപയല്ലേ താൻ ചോദിച്ചുള്ളൂവെന്നും അതു കുറഞ്ഞ റേറ്റാണെന്നും വനിതാ ക്ലർക്ക് പറഞ്ഞു. പിന്നീട് ജീവനക്കാരി ഡ്രൈവറെ ഫോണിൽ വിളിക്കുകയും പുതിയ സ്‌കൂട്ടറിന്റെ മാസത്തവണ അടയ്ക്കേണ്ട തീയതി അന്നാണെന്നും അതുകൊണ്ട് പണം അന്നുതന്നെ തരണമെന്നും ആവശ്യപ്പെട്ടു. ആശുപത്രിക്കേസ് ഉള്ളതിനാൽ അന്നു വരാൻ ബുദ്ധിമുട്ടാണെന്നും തീർച്ചയായും പണം എത്തിച്ചോളാമെന്നും ഡ്രൈവർ മറുപടി നൽകുകയായിരുന്നു.