
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെ ദുരിതത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ: എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി അനുവദിച്ചിട്ടും പണിമുടക്കി രാഷ്ട്രീയ എതിർപ്പ്; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സംഭവിക്കുന്നതെന്തെന്നു വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
സ്വന്തം ലേഖകൻ
കോട്ടയം: കഴിഞ്ഞ കുറച്ചു നാളുകളായി കോട്ടയം കെ.എസ്.ആർ.ടി.സി ബസ്് സ്റ്റാൻഡിന്റെ ദുരവസ്ഥയാണ് നാട്ടിലെ ചർച്ച. പൊട്ടിയൊഴുകുന്ന സെപ്റ്റിക്ക് ടാങ്കും, തകർന്നു തുടങ്ങിയ ബസ് സ്റ്റാൻഡിനുള്ളിലെ റോഡുകളും യാത്രക്കാരുടെ നട്ടെല്ലൊടിക്കാനും മൂക്കു തകർക്കാനും തുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്റ്റാൻഡ് പൊലിച്ചിട്ട് ഗാരേജ് നിർമ്മിച്ചെങ്കിലും, നിന്നിടത്തു നിന്നും ഒരടി പോലും മുന്നോട്ടു പോകാൻ സാധിച്ചിട്ടില്ല.
അതി വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന ലക്ഷ്യവുമായി മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിർമ്മാണം ആരംഭിച്ചത്. എന്നാൽ, ഭരണംമാറിയതോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പുനർ നിർമ്മാണ ഫയലിനു ചുവപ്പ് ചരടു വച്ച് രാഷ്ട്രീയക്കാർ ഒരു കെട്ടു കെട്ടി. ആ കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വികസനം. യു.ഡി.എഫിന്റെ, കോൺഗ്രസിന്റെ എം.എൽ.എ ആയതുകൊണ്ടു മാത്രം ഒരു രൂപ പോലും കോട്ടയം സ്റ്റാൻഡിനു വേണ്ടി ചിലവഴിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൂന്നു കോടി രൂപ ഗാരേജ് നിർമ്മിക്കുന്നതിനായി നൽകിയിരുന്നു. എന്നാൽ, സ്റ്റാൻഡ് നിർമ്മിക്കുന്നതിനു മണ്ണെടുത്തതു നൽകാൻ അനുമതി പോലും നൽകാതെ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും പിന്നോട്ടു പോയി. ഇതേ തുടർന്നു, നിർമ്മാണം അനിശ്ചിതമായി നീണ്ടതോടെ കരാറുകാരൻ ജോലിയിൽ നിന്നും പിന്നോട്ടു പോയി. കഴിഞ്ഞ സർക്കാർ തുടങ്ങി വച്ച പണികൾ പോലും അഞ്ചു വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ സാധിച്ചില്ല.
പഴയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ ഫണ്ടിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരു കോടി രൂപ അനുവദിച്ചു. എന്നാൽ, ഈ തുകയ്ക്കുള്ള നിർമ്മാണം നടത്താൻ പോലും ഇതുവരെയും സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം ഒന്നു കൊണ്ടു മാത്രമാണ് ഇത്തരത്തിൽ സർക്കാർ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കുന്നതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.