
ചങ്ങനാശേരിയില്‍ മുനിസിപ്പല്‍ ഓഫീസിന് മുൻപില് പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി മോഷണം പോയി
സ്വന്തം ലേഖിക
ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പല്‍ ഓഫീസിനു മുൻപില് പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററികള്‍ മോഷണം പോയി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിലവിലുള്ള മുഴുവന്‍ ബസുകള്‍ക്കും രാത്രികാലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാത്തതിനാല്‍ മുനിസിപ്പല്‍ ജംഗ്ഷനിലും പെരുന്ന ബസ്സ്റ്റാന്‍ഡിലും മറ്റുമായാണ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്രകാരം മുനിസിപ്പല്‍ കാര്യാലയത്തിനു മുൻപില് പാര്‍ക്ക് ചെയ്തിരുന്ന ചങ്ങനാശേരി ഡിപ്പോയിലെ ആര്‍എന്‍ഇ-571 നമ്പര്‍ ഓര്‍ഡിനറി ബസിന്റെ രണ്ടു ബാറ്ററികളാണ് മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെ സര്‍വീസ് പോകുന്നതിനായി ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ബാറ്ററി മോഷണം പോയ വിവരം മനസിലായത്.
ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. മുനിസിപ്പല്‍ കാര്യാലയത്തിലേതുള്പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.