സംസ്‌ഥാനത്ത് കനത്ത മഴയ്ക്ക്  നേരിയ ശമനം; ജാഗ്രത നിർദ്ദേശം തുടരുന്നു; പന്ത്രണ്ട്  ജില്ലകളില്‍ ഇന്ന് ഓറഞ്ച്‌ അലര്‍ട്ട്‌; കോട്ടയം ജില്ലയില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കദുരിതം;  വൈക്കത്ത്‌ 200 വീടുകള്‍ വെള്ളത്തില്‍

സംസ്‌ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം; ജാഗ്രത നിർദ്ദേശം തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച്‌ അലര്‍ട്ട്‌; കോട്ടയം ജില്ലയില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കദുരിതം; വൈക്കത്ത്‌ 200 വീടുകള്‍ വെള്ളത്തില്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: ദിവസങ്ങളായി പെയ്യുന്ന കനത്തമഴയ്ക്ക് സംസ്‌ഥാനത്ത് നേരിയ ശമനം.

ജില്ലാതലങ്ങളിലുള്ള റെഡ്‌ അലര്‍ട്ട്‌ പിന്‍വലിെച്ചങ്കിലും മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഏഴുവരെ വ്യാപകമഴയ്‌ക്കും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്.
മഴക്കെടുതികളില്‍ ഇന്നലെ സംസ്‌ഥാനത്ത്‌ നാലു പേര്‍ കൂടി മരിച്ചു. മൂന്ന്‌ വീടുകള്‍ പൂര്‍ണമായും 72 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പെട്ട മഴ തുടരുന്നതിനാല്‍ ഇന്ന്‌ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥാവകുപ്പ്‌ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.
കേരള-ലക്ഷദ്വീപ്‌ തീരങ്ങളില്‍ ഇന്നും കര്‍ണാടക തീരങ്ങളില്‍ അഞ്ചുവരെയും മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗത്തില്‍ ശക്‌തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കേന്ദ്രകാലാവസ്‌ഥാവകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി.

കോട്ടയം ജില്ലയില്‍ മഴയുടെ ശക്‌തി കുറഞ്ഞെങ്കിലും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കദുരിതം തുടരുകയാണ്. ഇന്നലെ രണ്ടുപേര്‍കൂടി മരിച്ചതോടെ ജില്ലയിലെ മഴക്കെടുതി മരണസംഖ്യ മൂന്നായി. ഒഴുക്കില്‍പ്പെട്ട്‌ വൈക്കം ഇണ്ടംതുരുത്ത്‌ സ്വദേശി ദാസന്‍ (75), മണര്‍കാട്‌ റബര്‍ തോട്ടത്തില്‍ കയറിയ വെള്ളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌ടു വിദ്യാര്‍ഥി അമല്‍ എന്നിവരാണു മരിച്ചത്‌. പത്തനംതിട്ട ജില്ലയിലെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത്‌ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങിമരിച്ചു. തിരുവല്ല, മന്നങ്കരച്ചിറ കീഴുപറമ്പില്‍ സുരേഷ്‌കുമാറിന്റെ മകന്‍ കാശിനാഥനാണു മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 12.30-നായിരുന്നു സംഭവം.

തൃശൂര്‍, പുതുക്കാട്‌ പഞ്ചായത്തിലെ കണ്ണമ്പത്ത്‌ പുത്തന്‍പുരയ്‌ക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട്‌ നാലരയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം പാടത്ത്‌ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. അഗ്‌നിശമനസേനയെത്തിയാണു മൃതദേഹം പുറത്തെടുത്തത്‌. ഭാര്യ: സിന്ധു. മക്കള്‍: അനൂജ, ആല്‍വിന്‍.

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന്‌ കോട്ടയം ജില്ലയിലെ വൈക്കം മേഖലയില്‍ ഇരുനൂറോളം വീടുകളില്‍ വെള്ളം കയറി. അയര്‍ക്കുന്നം, മണര്‍കാട്‌, വിജയപുരം, തിരുവാര്‍പ്പ്‌, അയ്‌മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളിലെയും കോട്ടയം, ഏറ്റുമാനൂര്‍ നഗരഭസഭകളിലെയും താഴ്‌ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. കോട്ടയം-കുമരകം റോഡിലും വെള്ളം കയറി. മീനച്ചിലാറ്റില്‍ ശക്‌തമായ ഒഴുക്ക്‌ തുടരുന്നതാണു വെള്ളപ്പൊക്കത്തിനു കാരണം.

കോട്ടയം, ഇടുക്കി, വയനാട്‌ ജില്ലകളില്‍ ഓരോ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവനന്തപുരം -10, കൊല്ലം-ആറ്‌, പത്തനംതിട്ട-12, ആലപ്പുഴ-എട്ട്‌, ഇടുക്കി-രണ്ട്‌, എറണാകുളം-ഏഴ്‌, തൃശൂര്‍-13, മലപ്പുറം-രണ്ട്‌, കോഴിക്കോട്‌-നാല്‌, വയനാട്‌-ആറ്‌, പാലക്കാട്‌, കാസര്‍ഗോഡ്‌-ഒന്നുവീതം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതോടെ സംസ്‌ഥാനത്തു മഴക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകള്‍ക്കു ഭാഗിക നാശനഷ്‌ടം. സംസ്‌ഥാനത്ത്‌ 178 ദുരിതാശ്വാസ ക്യാമ്പുകളിലായി 5168 പേരെ മാറ്റിപ്പാര്‍പ്പിച്ചു.