ചിട്ടി ഏജന്റുമായി ചേർന്ന് 5.36 കോടി രൂപയുടെ തട്ടിപ്പ് ; കെ.എസ്.എഫ്.ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് സസ്‌പെൻഷൻ

ചിട്ടി ഏജന്റുമായി ചേർന്ന് 5.36 കോടി രൂപയുടെ തട്ടിപ്പ് ; കെ.എസ്.എഫ്.ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് സസ്‌പെൻഷൻ

Spread the love

 

സ്വന്തം ലേഖകൻ

ആലുവ: ചിട്ടി ഏജന്റുമായി ചേർന്ന് 5.36 കോടിയുടെ തട്ടിപ്പ് നടത്തിയ കെഎസ്എഫ്ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് സസ്‌പെൻഷൻ. കെഎസ്എഫ്ഇ ചെറായി ബ്രാഞ്ചിലെ കാഷ്യർ ആമിന മീതിൻകുഞ്ഞിനെയാണ് കഴിഞ്ഞ ഡിസംബർ 28ന് സസ്‌പെന്റ് ചെയ്തത്. ആലുവ ഗവ. ആശുപത്രി കവലയിലുള്ള ബ്രാഞ്ചിലെ ഒരു ഏജന്റുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഡിസംബർ 31ന് സർവീസിൽ നിന്ന് വിരമിക്കാനിരുന്ന ആമിനയെ 28ാം തീയതി വൈകീട്ടാണ് സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങിയത്. ആലുവ ബ്രാഞ്ചിൽ കാഷ്യറായി ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.

ആലുവ പറവൂർ കവലയിൽ സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന കൊടകര സ്വദേശി മുരളിയും തട്ടിപ്പിൽ പങ്കാളിയാണെന്ന് സംശയിക്കുന്നു. ഇയാൾ ഒളിവിലാണെന്നും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നാതായുമാണ് റിപ്പോർട്ടുകൾ. തൃശ്ശൂർ കെ.എസ.്എഫ.്ഇ ഹെഡ് ഓഫീസിൽ നിന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആലുവ സീനത്ത് കവല, എടയപ്പുറം, ആലങ്ങാട് എന്നിവിടങ്ങളിലെ മൂന്നുപേർ നൽകിയ പരാതിയെ തുടർന്ന് കെഎസ്എഫ്ഇ നടത്തിയ അന്വേഷണത്തിലാണ് 5.36 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ഇതിൽ 3.40 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് റവന്യു റിക്കവറി നടപടി പൂർത്തിയാക്കിയ സ്ഥലത്തിന്റെ ആധാരം ഉപയോഗിച്ചാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാവശ്യക്കാർക്ക് വായ്പ ശരിയാക്കി നൽകുന്ന സ്ഥാപനമാണ് മുരളി നടത്തിയിരുന്നത്. അതിനൊപ്പം കെഎസ്എഫ്ഇ ചിട്ടി ഏജൻസിയുമുണ്ട്. വായ്പ ലഭിക്കുന്നതിനായി സമീപിക്കുന്നയാളിൽ നിന്ന് ആധാരം വാങ്ങിയ ശേഷം ഉടമ അറിയാതെ വലിയ തുകയുടെ ചിട്ടിയിൽ ചേരുന്നവരുടെ ഈടായി കെഎസ്എഫ്ഇയിൽ നൽകും. ചിറ്റാളന്മാരുമായി ചേർന്നാണ് തട്ടിപ്പ്. വേഗത്തിൽ ചിട്ടി വിളിച്ചെടുത്ത ശേഷം പണം തിരിച്ചടയ്ക്കാതിരിക്കും. തുടർന്ന് കെഎസ്എഫ്ഇയിൽനിന്ന് റവന്യു റിക്കവറി നോട്ടീസ് ലഭിക്കുമ്‌ബോഴേ ആധാരത്തിന്റെ ഉടമ തട്ടിപ്പ് അറിയുകയുള്ളൂ. പറവൂർ കെഎസ്എഫ്ഇ ബ്രാഞ്ചിനു കീഴിൽ ഏജന്റായി പ്രവർത്തിക്കവേ ക്രമക്കേടിനെ തുടർന്ന് പുറത്താക്കപ്പെട്ടയാളാണ് മുരളി. പിന്നീട് സ്വാധീനം ചെലുത്തി ആലുവയിൽ ഏജൻസി തരപ്പെടുത്തുകയായിരുന്നു.

ജീവനക്കാരി കെ.എസ്.എഫ്.ഇയുടെ ആലുവാ ബ്രാഞ്ചിലായിരുന്നു നേരെത്തെ ജോലി ചെയതിരുന്നത്.എന്നാൽ തട്ടിപ്പ് നടന്നതായി സംശയം വന്നതിനെ തുടർന്നാണ് ഇവരെ ചെറായിയിലേക്ക് മാറ്റിയത്. കെഎസ്എഫ്ഇ വകുപ്പ് തലത്തിൽ വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്. തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.