കെഎസ്ഇബിയുടെ ഭൂമി മരുമകൻ പ്രസിഡന്റായ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നൽകി ; എം.എം.മണി കുടുക്കിലേക്ക്

കെഎസ്ഇബിയുടെ ഭൂമി മരുമകൻ പ്രസിഡന്റായ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നൽകി ; എം.എം.മണി കുടുക്കിലേക്ക്

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കർ ഭൂമി ഇടുക്കിയിലെ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി എംഎം മണി പാട്ടത്തിനു നൽകിയതായി ആരോപണം. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാണ് രാജാക്കാട് സഹകരണ ബാങ്കിന് വിനോദസഞ്ചാര പദ്ധതിക്കായി വൈദ്യുതി ബോർഡ് കൈമാറിയത്. മന്ത്രി എം.എം. മണിയുടെ മകളുടെ ഭർത്താവായ ബി.എ. കുഞ്ഞുമോനാണ് ബാങ്കിന്റെ പ്രസിഡന്റ്.ഉടുമ്പൻചോല താലൂക്ക് ഓഫീസിലെയും ബേസിക് ടാക്‌സ് രജിസ്റ്ററിലെയും രേഖകൾ പ്രകാരം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വൈദ്യുതി ബോർഡ് പാട്ടത്തിനു നൽകിയതിൽ അപാകതയുണ്ടെന്നാണ് ആക്ഷേപം.

സർക്കാർ ഭൂമി എന്താവശ്യത്തിനായി കൈമാറിയോ അതിനു മാത്രമേ ഉപയോഗിക്കാവൂ എന്നാണു വ്യവസ്ഥ. ഇതു നിലനിൽക്കെയാണ് അമ്യൂസ്മെന്റ് പാർക്കിന്റെ നിർമാണത്തിനായി 15 വർഷത്തേക്ക് ഭൂമി വിട്ടുനൽകിയത്.2018 മേയ് ഒമ്പതിന് മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ ഭരണസമിതി യോഗമാണ് വൈദ്യുതി ബോർഡിന്റെ പക്കലുള്ള ഭൂമിയിൽ സാമ്പത്തിക ശേഷിയുള്ള സഹകരണ സംഘങ്ങളുടെയോ ബാങ്കുകളുടെയോ സഹായത്തോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്.

ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിനു സമീപം വൈദ്യുതിബോർഡിന്റെ കൈവശം 76 ഏക്കർ സ്ഥലമുണ്ടെന്നും അതിൽ ഉൾപ്പെട്ട 21 ഏക്കറിൽ അമ്യൂസ്മെന്റ് പാർക്ക് തുടങ്ങാനാവുമെന്നും ഹൈഡൽ ടൂറിസം സെന്റർ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതനുസരിച്ചാണ് അഞ്ചുമുതൽ പത്തുവരെ കോടിരൂപ ചെലവ് വരുന്ന പദ്ധതിക്കായി ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചത്.ടെൻഡറിൽ പങ്കെടുത്ത മൂന്നു സഹകരണ സംഘങ്ങളിൽനിന്നാണ് രാജാക്കാട് സഹകരണസംഘത്തെ പദ്ധതിക്കായി തിരഞ്ഞെടുത്തത്.

20 ശതമാനം വരുമാനം പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. ഇതിനായി ഹൈഡൽ ടൂറിസം സെന്ററിന്റെ ആവശ്യപ്രകാരം വൈദ്യുതി ബോർഡ് ഭൂമി അവർക്കു കൈമാറുകയായിരുന്നു. ഫെബ്രുവരി ആറിന് മന്ത്രി എം.എം. മണി വിളിച്ച ഹൈഡൽ ടൂറിസം സെന്ററിന്റെ യോഗത്തിൽ പദ്ധതി തുടങ്ങാൻ അനുമതി നൽകി. ഫെബ്രുവരി 28-നു ചേർന്ന വൈദ്യുതി ബോർഡ് യോഗം ഇതംഗീകരിച്ചു. ഇതനുസരിച്ച് സെപ്റ്റംബർ ഏഴിന് പദ്ധതിക്കു തറക്കല്ലിട്ടു. ബാങ്ക് നൽകുന്ന 20 ശതമാനം വരുമാനത്തിലെ 15 ശതമാനം വൈദ്യുതി ബോർഡിനും അഞ്ചു ശതമാനം ഹൈഡൽ ടൂറിസം സെന്ററിനുമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.ഭൂമി വൈദ്യുതി ബോർഡിന്റേതെന്ന് ഹൈഡൽ ടൂറിസം സെന്റർ

ഇടുക്കിയിൽ പൊന്മുടി അണക്കെട്ടിനു സമീപം സഹകരണസംഘത്തിനു പാട്ടത്തിനു നൽകിയ 21 ഏക്കർ വൈദ്യുതി ബോർഡിന്റെ വകയാണെന്ന് റിപ്പോർട്ട് നൽകിയത് ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ. ഇതനുസരിച്ചാണ് ഈ ഭൂമി പാട്ടത്തിനു നൽകാൻ തീരുമാനിച്ചതെന്ന് ബോർഡിന്റെ ഉത്തരവിൽ പറയുന്നു. ഭൂമി ബോർഡിന്റെതാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു പാട്ടത്തിനു നൽകാൻ തീരുമാനിച്ചതെന്നാണ് ബോർഡ് വൃത്തങ്ങൾ നൽകുന്ന സൂചന.