കൗൺസിലറും കെ.എസ്.ഇ.ബിയും കൈ കോർത്തു: നിർദ്ധന കുടുംബത്തിന് വീട് വയറിംങ് ചെയ്തു വൈദ്യുതി നൽകി ജനപ്രതിനിധിയും ഉദ്യോഗസ്ഥരും; ടി.വി വാങ്ങി നൽകി പ്രവാസി

സ്വന്തം ലേഖകൻ

കോട്ടയം: വയറിംങ് നടത്താത്ത വീട്ടിൽ, വൈദ്യുതിയില്ലാതെ ഓൺലൈൻ പഠനസൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായവുമായി കൗൺസിലറും കെ.എസ്.ഇ.ബിയും. പാറമ്പുഴ അർത്യാകുളത്തെ കുടുംബത്തിനാണ് കെ.എസ്.ഇ.ബിയും നഗരസഭ അംഗം ജോജി കുറത്തിയാടനും കൈ കോർത്ത് സഹായം നൽകിയത്.

പാറമ്പുഴ അർത്യാകുളത്ത് താമസിക്കുന്ന കുടുംബത്തിന്റെ വീട്ടിലാണ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്നത്. കൂലിപ്പണിക്കാരനായ ഗൃഹനാഥൻ, അസുഖ ബാധിതനായി വീട്ടിൽ കിടപ്പാണ്. മൂന്നു കുട്ടികളുള്ള കുടുംബത്തിന് നിലവിൽ ജീവിക്കാൻ മാർഗങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസം വാർഡിലെ വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് നഗരസഭ അംഗം ജോജി കുറത്തിയാടൻ ഇവരുടെ ദുരവസ്ഥ കണ്ടത്.

ഓൺൈലൻ പഠന സൗകര്യമില്ലെന്നു കുട്ടികൾ കരഞ്ഞു പറഞ്ഞതോടെ ജോജി കുറത്തിയാടൻ പ്രശ്‌നത്തിൽ ഇടപെട്ടു. ഉടൻ തന്നെ ഗാന്ധിനഗർ കെ.എസ്.ഇ.ബി ഓഫിസിലെ സബ് എൻജിനീയർ ബിജുവിനെ ബന്ധ്‌പ്പെട്ടു. ബിജുവിന്റെ നേതൃത്വത്തിൽ കെ സ് ഇ ബി ജീവനക്കാർ വീട്ടിലെത്തിയപ്പോൾ വീട് വയറിംഗ് പോലും നടത്തിയിട്ടില്ലാത്ത അവസ്ഥയിൽ ആയിരുന്നു.

പിന്നീട് ബിജു തന്റെ സഹോദരനെയും കൂട്ടി വീട്ടിലെത്തി, സൗജന്യമായി വീട് മുഴുവൻ വയറിംങ് ചെയ്തു നൽകി. വീട്ടിലേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിന് ഒരു പോസ്റ്റ് സ്ഥാപിക്കേണ്ടിയിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാവിലെ പോസ്റ്റ് സ്ഥാപിക്കുനതിന് തീരുമാനിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ തന്നെ ഈ നടപടിയും പൂർത്തിയാക്കും. വയറിംങ് പൂർത്തിയാക്കി ഒരു വർഷത്തെ ഇലക്ട്രിസിറ്റി ചാർജും അഡ്വാൻസ് ആയി മറ്റൊരാൾ അടക്കുകയും ചെയ്തു.

ഇതിനിടെ കുടുംബത്തിന് ടി.വി വാങ്ങി നൽകുന്നതിനായി ജോജി കുറത്തിയാടൻ ഇടപെടലും നടത്തി. യു.കെയിൽ നിന്നും പ്രവാസിയായ ഷൈമോൻ തോട്ടുങ്കൽ കുടുംബത്തിന്റെ അസ്ഥ അറിഞ്ഞ് ടി.വി വാങ്ങി നൽകാൻ തയ്യാറായി. തിങ്കളാഴ്ച വൈകിട്ട് വയറിംങ് പൂർത്തിയാക്കി, ചൊവ്വാഴ്ച രാവിലെ തന്നെ വീട്ടിൽ ടി.വി എത്തിച്ചു നൽകുന്നതിനാണ് ഒരുങ്ങുന്നത്. ഉച്ചയോടെ വീട്ടിലെത്തുന്ന തോമസ് ചാഴികാടൻ എം.പി ടി.വി കുടുംബത്തിന് കൈമാറും.