
പെരിയ ഇരട്ടക്കൊല; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേസിലെ 14-ാം പ്രതിയുമായ മണികണ്ഠന്റെ മൊഴിയെടുത്തു; സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ സി.ബി.ഐ സംഘം എത്തിയത് അപ്രതീക്ഷിതമായി; കൊലപാതകം നടന്ന രാത്രി പ്രതികളില്‍ നാലു പേര്‍ ഉറങ്ങിയത് സി.പി.എം ഏരിയാകമ്മിറ്റി ഓഫീസില്‍
സ്വന്തം ലേഖകന്‍
കാഞ്ഞങ്ങാട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ കെ.മണികണ്ഠന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. കേസിലെ 14ാം പ്രതിയാണ് മണികണ്ഠന്‍. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ അപ്രതീക്ഷിതമായി എത്തിയ സി.ബി.ഐ സംഘം ഓഫീസില്‍ വിശദമായ പരിശോധനയും നടത്തി.
ഓഫീസ് സെക്രട്ടറിയോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം അകത്തേക്ക് കയറിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രതികള്‍ ഉറങ്ങിയ സ്ഥലവും മറ്റും രേഖപ്പെടുത്തി. 2019 ഫെബ്രവുരി 17നാണ് കൊലപാതകം നടന്നത് അന്നു രാത്രി പ്രതികളില്‍ നാലു പേര്‍ സി.പി.എമ്മിന്റെ ഏരിയാകമ്മിറ്റി ഓഫീസിലും ബാക്കി നാലുപേര്‍ വെളുത്തോളി ഗ്രാമത്തിലെ ഒരു വീട്ടിലുമാണ് തങ്ങിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടില്‍ പീതാംബരന്‍ ഉള്‍പ്പടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ 11 പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. എട്ടുപേരാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഇവര്‍ രണ്ടു വാഹനങ്ങളിലായി വെളുത്തോളി ഗ്രാമത്തിലെത്തുകയും അവിടെ നിന്നു നാലുപേര്‍ ചട്ടഞ്ചാലിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയെന്നുമാണ് റിപ്പോര്‍ട്ട്. മുന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കൃത്യമാണോയെന്ന പരിശോധനയാണ് സി.ബി.ഐ നടത്തുന്നത്.
സര്‍ക്കാര്‍ അപ്പീല്‍ തള്ളി സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് സി.ബി.ഐ സംഘം കേസ് ഏറ്റെടുത്തത്. സി.ബി.ഐ. ഡിവൈ.എസ്.പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
2019 ഫെബ്രുവരി 17-ന് രാത്രിയാണ് കാസര്‍കോട് ജില്ലയിലെ പെരിയയിലെ കണ്ണാടിപ്പാറയില്‍ വെച്ച് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെടുന്നത്.