കെപിസിസി ഭാരവാഹി പട്ടിക; ചർച്ചകള്‍ പൂർത്തിയായി; വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ മാനദണ്ഡങ്ങളില്‍ മാറ്റം

സ്വന്തം ലേഖിക

ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകള്‍ പൂർത്തിയായി. പട്ടിക നാളെ ഹൈക്കമാന്‍റിന് കൈമാറിയേക്കും. വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. ചർച്ചകളിൽ മുതിർന്ന നേതാക്കള്‍ തൃപ്തരാണെന്ന് കരുതുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെയാണ് കെപിസിസി പുനസംഘടന ചർച്ചകള്‍ നേതൃത്വം പൂർത്തിയാക്കിയത്. ഡിസിസി പട്ടികയിലെ വിമർശനങ്ങള്‍ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചർച്ചകള്‍. ശിവദാസൻ നായർ, വി എസ് ശിവകുമാർ , വി പി സജീന്ദ്രൻ , വിടി ബൽറാം, ശബരീനാഥൻ, എന്നിവർ ഭാരവാഹികളായേക്കും. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എവി ഗോപിനാഥിനെയും പട്ടികയില്‍ ഉള്‍പ്പെടത്താനിടയുണ്ട്. ജമാൽ മണക്കാടന്‍റെ പേര് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ അടക്കമുള്ളവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്. ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികള്‍ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്.

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ അഭിപ്രായങ്ങൾ മാനിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കെ സുധാകരനും വിഡി സതീശനും നാല് തവണ ചർച്ച നടത്തിയിരുന്നു. വിഡി സതീശൻ കേരളത്തിലേക്ക് മടങ്ങിയെങ്കിലും കെ സുധാകരൻ ദില്ലിയില്‍ തുടരുന്നുണ്ട്. നാളെ പട്ടിക ഹൈക്കമാന്‍റിന് കൈമാറുകയാണെങ്കില്‍ പ്രഖ്യാപനവും ഉടൻ തന്നെയുണ്ടാകുമെന്ന് ഹൈക്കമാന്‍റ് നേതാക്കള്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group