
കോഴിക്കോട്: കോഴിക്കോട് മൂഴിക്കലില്‍ 16 വയസുകാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പെണ്‍കുട്ടിയെ കഴുത്തില്‍ ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം പ്രതി അദ്നാൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്.
കൊലപാതകം നടന്ന ദിവസം വൈകിട്ട് 7:30ഓടെ അദ്നാൻ വീട്ടിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാർ പടക്കം പൊട്ടിക്കുന്നതിനിടെ, ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അടുക്കള ഭാഗത്തെ വാതിലിലൂടെയാണ് ഇയാള്‍ അകത്ത് കയറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നസ്രീനയുടെ വല്യുമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ അവരുടെ തലയണയ്ക്കടിയില്‍ നിന്ന് താക്കോല്‍ മോഷ്ടിക്കാൻ അദ്‌നാൻ ശ്രമിച്ചിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ച് വീട്ടിലെ അലമാരകളും മറ്റും തുറക്കാൻ ശ്രമിച്ചതായും തെളിവുകളുണ്ട്. ഈ മോഷണശ്രമം തടയാൻ ശ്രമിച്ചപ്പോഴാണോ നസ്രീന കൊല്ലപ്പെട്ടത് എന്ന കാര്യത്തില്‍ പോലീസ് കൂടുതല്‍ വ്യക്തത തേടുന്നുണ്ട്.
മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന നിലയിലാണ് പൊലീസ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. മോഷണത്തിനുള്ള വ്യക്തമായ സൂചനകള്‍ സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.







