
കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുല്‍ ക്രൂരമായി മർദ്ദിച്ച കേസില്‍ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നല്കി പെണ്‍കുട്ടി. കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ പരാതി.
ഭർതൃവീട്ടില്‍ അതിക്രൂരമായ ഗാർഹിക പീഡനം നേരിടേണ്ടി വന്നിട്ടും പീഡന പരാതിയില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് പ്രധാനപ്പെട്ട ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ അന്വേഷണം ഉണ്ടായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിയായ രാഹുലിനെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളാണെന്നും പരാതിയിലുണ്ട്.
കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാർജർ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞ് ഏഴാം നാള് തന്നെ കാണാനെത്തിയ വീട്ടുകാരോടാണ് പീഡന വിവരം യുവതി തുറന്ന് പറയുന്നത്. ഭർത്താവായ രാഹുലിനെതിരെ ഗാർഹിക പീഡനത്തിനാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. എന്നാല്‍, വധശ്രമം ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാർഹിക പീഡന പരാതി ആയതുകൊണ്ട് തന്നെ എസ്പിയുടെ നിർദേശമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലന്നാണ് പൊലീസ് നിലപാട്. മാട്രിമോണിയല്‍ വഴിയാണ് വിവാഹ ആലോചന എത്തിയത്. നല്ലതെന്ന് കരുതി വേഗത്തില്‍ വിവാഹം നടത്തി. എന്നാല്‍, കൊടിയ മർദ്ദനമാണ് യുവതി ഭർതൃവീട്ടില്‍ നേരിടേണ്ടി വന്നത്.
കൃത്യസമയത്തു സ്ഥലത്തെത്തിയതു കൊണ്ടു മാത്രമാണ് മകള്‍ക്ക് വിസ്മയയുടെ ഗതി വരാതിരുന്നതെന്ന്, ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ യുവതിയുടെ പിതാവ് പറഞ്ഞത്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭർത്താവിന്റെ നിരന്തര പീഡനത്തിന് ഇരയായ വിസ്മയ ഒടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മകളെ കണ്ടപ്പോള്‍ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയില്‍ ആയിരുന്നെന്നും ഇക്കാര്യത്തില്‍ യാതൊരു ഒത്തുതീർപ്പിനുമില്ലെന്നും പിതാവ് വ്യക്തമാക്കി.മർദനമേറ്റ യുവതി പരുക്കുകളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം 5ന് ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. അന്നു തന്നെ മോളെ അവർ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഒൻപതാം തീയതി എറണാകുളത്ത് വച്ച് വിവാഹ റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. അതിന് അവർ എട്ടിന് എത്തി. അടുക്കള കാണല്‍ എന്നൊരു ചടങ്ങ് ഉള്ളതിനാല്‍ ഞങ്ങള്‍ 12ന് അവിടേക്ക് പുറപ്പെട്ടു.
ചെല്ലുമ്പോള്‍ മകള്‍ വരാന്തയില്‍ കാത്തു നില്‍പ്പുണ്ടാവും എന്നാണ് കരുതിയത്. എന്നാല്‍ ഞങ്ങള്‍ ചെന്ന് ഏറെക്കഴിഞ്ഞിട്ടും മോളെ പുറത്തേക്ക് കണ്ടില്ല. ചോദിച്ചപ്പോള്‍ വസ്ത്രം മാറുകയാണ് എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ മകള്‍ വന്നു. എന്നാല്‍ ഒറ്റനോട്ടത്തില്‍ ആളെ തിരിച്ചറിയാൻ പോലും പറ്റാത്ത വിധം മാറിയിരുന്നു. മുഖമാകെ വിരൂപമായിരുന്നു. നെറ്റി ഒക്കെ മുഴച്ചിരിക്കുന്നു. മൂക്കില്‍നിന്ന് രക്തം വന്നതിന്റെ പാടുണ്ടായിരുന്നു. ആകെ ഭയന്ന് വിറച്ചു നില്ക്കുന്ന രീതിയിലായിരുന്നു അവള്. സംസാരിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.
ചോദിച്ചപ്പോള്‍ കുളിമുറിയില്‍ വീണതാണ് എന്നാണ് പറഞ്ഞത്. അത് വിശ്വാസമാകാതെ അവന്റെ അമ്മയോട് ചോദിച്ചു. അവരും പറഞ്ഞത് കുളിമുറിയില്‍ വീണതാണ് എന്നാണ്. എന്നിട്ട് ആശുപത്രിയില്‍ പോയോ എന്ന് ചോദിച്ചപ്പോള്‍ പോയി എന്നു പറഞ്ഞു. എക്സ്റേ എടുത്തോ എന്നു ചോദിച്ചപ്പോള്‍ അതിനുള്ള കുഴപ്പമൊന്നും അവള്‍ക്കില്ല എന്നായിരുന്നു മറുപടി.
മുഷ്ടി ചുരുട്ടി ഇടിച്ചതിനെ തുടർന്ന് മകളുടെ നെറ്റിയില്‍ വലിയ മുഴയുണ്ടായിരുന്നു. തലയ്ക്കും ഇത്തരത്തില്‍ ഇടിച്ചു. അവന് നല്ല ആരോഗ്യമുണ്ട്. കീഴ്ച്ചുണ്ടും മേല്‍ച്ചുണ്ടും താഴേക്കും മേലേക്കും ശക്തിയായി വലിച്ചു. മൊബൈല്‍ ചാർജർ കൊണ്ട് കഴുത്തില്‍ ചുറ്റി വലിച്ചു. കുനിച്ചു നിർത്തി പുറത്തും ഇടിച്ചിട്ടുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ പുറകെ വന്ന് ബെല്‍റ്റ് കൊണ്ട് അടിക്കുകയായിരുന്നു. ഞങ്ങള്‍ ചെന്നതിന്റെ തലേന്ന് രാത്രി 2 മണിയോടെയാണ് ഇതൊക്കെ നടന്നത്.







