
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷം: അതിജീവന വഴിയില്‍ ഒരേ മനസോടെ നീങ്ങണം-മന്ത്രി പി. തിലോത്തമന്‍
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഒരേ മനസോടെ മുന്നോട്ടു നീങ്ങണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാജ്യത്തിന്‍റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ ഐക്യവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മറികടന്ന ചരിത്രമാണ് കേരളത്തിനുള്ളത്. ഇത് തുടരാന്‍ നമുക്ക് കഴിയണം. ലോകമെങ്ങും ഭീതിവിതയ്ക്കുന്ന കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം നയിക്കുന്ന കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണ്. അവര്‍ക്ക് പിന്തുണ നല്‍കാന്‍ ഓരോരുത്തരും തയ്യാറാകണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈവിധ്യങ്ങളുടെ ഭൂമിയായ ഇന്ത്യയില്‍ കാലം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് മുന്നോട്ടു പോകുവാന്‍ ജാഗ്രത പുലര്‍ത്തണം -അദ്ദേഹം ഓര്‍മിപ്പിച്ചു.
കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തിയത്. മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയ ചടങ്ങില്‍ മന്ത്രി പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെുത്തു.
കോട്ടയം ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് എം.കെ. ചന്ദ്രശേഖരന്‍ പരേഡ് കമാന്‍ഡറായിരുന്നു. കേരള സിവില്‍ പോലീസ്, വനിതാ പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവയുടെ ഓരോ പ്ലറ്റൂണുകളാണ് ഉണ്ടായിരുന്നത്.
യഥാക്രമം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എസ്. സുമേഷ്, ചിങ്ങവനം സബ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷെറി, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ അമല്‍ രാജന്‍, മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജി. മഹേഷ് എന്നിവര്‍ പ്ലറ്റൂണ്‍ കമാന്‍ഡര്‍മാരായിരുന്നു.
കോവിഡ് സമ്പര്‍ക്ക വ്യാപനത്തിനെതിരെ ജില്ലാ ഭരണകൂടം നടത്തുന്ന ബോധവത്കരണ പരിപാടി കരം തൊടാത്ത കരുതലിന്‍റെ ഭാഗമായി തയ്യാറാക്കിയ വീഡിയോകള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ദേശഭക്തി ഗാനം ആലപിച്ചു.
തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പനി പരിശോധന നടത്തി, കൈകള്‍ ശുചീകരിക്കുന്നതിന് സാനിറ്റൈസര്‍ നല്‍കിയാണ് ആളുകളെ പോലീസ് പരേഡ് ഗ്രൗണ്ടിലേക്ക് കടത്തിവിട്ടത്. വേദിയിലും സദസിലും സാമൂഹിക അകലവും മാസ്കിന്‍റെ ഉപയോഗവും ഉറപ്പാക്കിയിരുന്നു.