തേർഡ് ഐ ബ്യൂറോ
മസ്‌ക്കറ്റ്: ലോകത്ത് കോവിഡിന്റെ താണ്ഡവം ആറാം മാസത്തിലേയ്ക്കു കടക്കുകയാണ്. ലോകത്ത് ഏറ്റവും കുറവ് മരണസംഖ്യ രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നായി കൊറോണക്കാലത്ത് കേരളം മാറിയിട്ടുണ്ട്. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു വീഴുന്ന മലയാളികളുടെ കണക്കെടുത്താൽ ഇത് ഞെട്ടിക്കുന്നതാണ്. ഇതുവരെ 150 ലധികം മലയാളികളാണ് കൊവിഡ് ബാധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു വീണിരിക്കുന്നത്.
കൊവിഡ് ബാധിച്ച് ഞായറാഴ്ച മാത്രം ഗൾഫിൽ മരിച്ചത് പത്ത് മലയാളികളാണ്. ഇതോടെ ആറ് ഗൾഫ് നാടുകളിലുമായി കൊവിഡ് മൂലമുള്ള മരണം ആയിരം കവിഞ്ഞു. ഇതിൽ നൂറ്റമ്പതിലേറെപ്പേർ മലയാളികളാണ്. മലപ്പുറം കോഡൂർ സ്വദേശി ശംസീർ പൂവാടൻ(30) ദമാം അൽ ഹസയിൽ മരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി തന്നിമൂട് സ്വദേശി മണ്ണിൽപുരയിടത്തിൽ സാബു കുമാർ (52) സൗദി ജിസാനിലാണ് മരിച്ചത്. തിരൂർ മൂർക്കാട്ടിർ സ്വദേശി സുന്ദരം കുവൈറ്റിലാണ് മരിച്ചത്.
കണ്ണൂർ സ്വദേശി മൂപ്പൻ മമ്മൂട്ടി (69), തൃശൂർ സ്വദേശി മോഹനൻ(58), അഞ്ചൽ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്ബിൽ (52), മൊയ്തീൻകുട്ടി (52), പെരിന്തൽമണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ്, പത്തനംതിട്ട സ്വദേശി പവിത്രൻ ദാമോദരൻ(52) എന്നിവരും ഞായറാഴ്ച മരിച്ചതാണ്.
സൗദിയിലാണ് കൊവിഡ് മൂലമുള്ള മരണം ഏറെയും റിപ്പോർട്ടുചെയ്തത്. 505 പേർ. യു.എ.ഇ.യിൽ 267 പേരും കുവൈറ്റി 212 പേരും മരിച്ചു.രോഗികളുടെ കാര്യത്തിലും സൗദിതന്നെയാണ് മുന്നിൽ. 84,000 പേർ. 56,910 പേരുള്ള ഖത്തർ രണ്ടും 34,577 രോഗികളുള്ള യു.എ.ഇ. മൂന്നാമതുമാണ്. ഗൾഫിൽ ഇതുവരെയായി 2.20 ലക്ഷത്തിലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ കോണുകളിൽ മലയാളികൾ മരിച്ചു വീഴുമ്പോഴും വളരെ ചുരുക്കം ആളുകൾക്കു മാത്രമാണ് തിരികെ നാട്ടിലെത്താൻ സാധിക്കുന്നത്. നാട്ടിലെത്തുന്നതിൽ 90 ശതമാനത്തിനും കൊറോണ സ്ഥിരീകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ജാഗ്രതാ നടപടികൾ കൂടുതൽ സജീവമാക്കുകയാണ് ഇപ്പോൾ അധികൃതർ ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ മലയാളികൾ അടക്കമുള്ളവർക്കും കൂടുതൽ മുന്നറിയിപ്പും നൽകുന്നു.