കൊവിഡിനെ പേടിക്കാതെ കുട്ടികൾ ഒരുങ്ങുന്നു നീറ്റ് പരീക്ഷയെഴുതാൻ; തയ്യാറെടുപ്പുകൾ പൂർത്തിയായി കോട്ടയം ജില്ലയിൽ 34 പരീക്ഷാ കേന്ദ്രങ്ങൾ; നീറ്റ് പരീക്ഷ; കോവിഡ് പ്രതിരോധ നിർദേശങ്ങൾ കർശനമാക്കി

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാഷണൽ ടെസ്റ്റിംഗ് ഏജൻസി സെപ്റ്റംബർ 13ന് നടത്തുന്ന നീറ്റ് (യു.ജി) പരീക്ഷയ്ക്ക് കോട്ടയം ജില്ലയിൽ 34 കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. പരീക്ഷാ നടത്തിപ്പിൽ മുൻ വർഷങ്ങളിൽ പാലിച്ചിരുന്ന നിയന്ത്രണങ്ങൾക്കു പുറമെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചു.

പരീക്ഷാ നടത്തിപ്പിൽ കോവിഡ് പ്രതിരോധ മുൻകരുതലുകളും ക്രമസമാധാന പാലനവും തടസമില്ലാത്ത വൈദ്യുതി വിതരണവും ഉറപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തി.

ഈ വകുപ്പുകളുടെ താലൂക്ക്തല ഏകോപനം ഉറപ്പാക്കുന്നതിന് തഹസിൽദാർമാരെ ഫീൽഡ് ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. റവന്യു ഡിവിഷൻ തലത്തിൽ പരീക്ഷാ കേന്ദ്രങ്ങളുടെ പൂർണ മേൽനോട്ട ചുമതല സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർക്കാണ്.

നാണഷൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ് പരീക്ഷാ നടത്തിപ്പും രോഗപ്രതിരോധ മുൻകരുതലുകളും സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾക്കു പുറമെ ചുവടെ പറയുന്ന നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം അഞ്ചു വരെ നടത്തുന്ന പരീക്ഷയിൽ വിദ്യാർഥികൾക്ക് റിപ്പോർട്ട് ചെയ്യാൻ രാവിലെ 11 മുതലുള്ള വിവിധ ടൈം സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നത്. വിദ്യാർഥികൾ ഈ സമയക്രമം കൃത്യമായി പാലിക്കണം.

പരീക്ഷാ കേന്ദ്രത്തിലേക്ക് വിദ്യാർഥികൾക്കൊപ്പം മാതാപിതാക്കൾ എത്തുന്നുണ്ടെങ്കിൽ അവർ പരീക്ഷാ കേന്ദ്രത്തിന്റെ സമീപത്തോ ഗേറ്റിലോ കൂട്ടം കൂടുവാൻ പാടില്ല.

വിദ്യാർഥികൾ എത്തുന്ന വാഹനങ്ങൾ പോലീസിന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും നിർദേശങ്ങൾ പാലിച്ച് പാർക്ക് ചെയ്യണം.

പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്തെത്തി വാഹനത്തിൽ കയറി മടങ്ങണം.

പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്ന ടാക്സി ഡ്രൈവർമാർ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.

ആരോഗ്യ പ്രവർത്തകരും പോലീസും നൽകുന്ന മാർഗനിർദേശങ്ങൾ പരീക്ഷയെഴുതുന്ന വിദ്യാർഥികളും അവർക്കൊപ്പം എത്തുന്നവരും പാലിക്കേണ്ടതാണ്.