82 പേർക്കു സംസ്ഥാനത്ത് കോവിഡ് 19: 53 പേർ വിദേശത്തു നിന്നും വന്നവർ; 19 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും; അഞ്ച് ആരോഗ്യ പ്രവർത്തകർക്കു രോഗം; 24 പേർ രോഗവിമുക്തരായി; കോട്ടയത്ത് എട്ടു പേർക്ക് കോവിഡ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 82 പേർക്കു കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ എട്ടു പേർ കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. 53 പേർ വിദേശത്തു നിന്നും വന്നവരാണ്. 19 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നു എത്തിയവരാണ്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ ആരോഗ്യ പ്രവർത്തകരാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 24 പേർ രോഗ വിമുക്തരായിട്ടുണ്ട്. ഇവരിൽ അഞ്ചു പേർ കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്.

കോവിഡ് അവലോകന യോഗത്തിനു ശേഷം ചേർന്ന പത്രസമ്മേളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധി്ച്ചുള്ള പ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരത്ത് 14 പേർക്കും, മലപ്പുറത്ത് 11 പേർക്കും, ഇടുക്കിയിൽ ഒൻപതു പേർക്കും, കോട്ടയത്ത് എട്ടു പേർക്കും, തൃശൂരിൽ നാലു പേർക്കും, എറണാകുളത്ത് അഞ്ചു പേർക്കും, കാസർകോട് മൂന്നു പേർക്കും, പത്തനംതിട്ടയിൽ രണ്ടു പേർക്കും, കണ്ണൂരിൽ ഒരാൾക്കും, ആലപ്പുഴയിലും കോഴിക്കോടും ഏഴു പേർക്കും, പാലക്കാട്ടും കൊല്ലത്തും അഞ്ചു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 128 ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. 1440 പേരാണ് സംസ്ഥാനത്ത് ഇതുവരെ ചികിത്സയിൽ കഴിയുന്നത്.

കോട്ടയം ജില്ലയിൽ ആകെ രോഗബാധിതര്‍ 22. എട്ടു പേര്‍ക്കു കൂടി കോവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും നാലു പേര്‍ വിദേശത്തുനിന്നും വന്നവരാണ്. മൂന്നു പേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും അഞ്ചു പേര്‍ ഹോം ക്വാറന്‍റയിനിലുമായിരുന്നു.

രോഗം ഭേദമായ രണ്ടു പേര്‍ ആശുപത്രിവിട്ടു. മെയ് 19ന് സൗദി അറേബ്യയില്‍നിന്ന് എത്തുകയും 28ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത കൊടുങ്ങൂര്‍ സ്വദേശി(27), അബുദാബിയില്‍നിന്ന് മെയ് 17ന് എത്തുകയും മെയ് 28ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത ചങ്ങനാശേരി വെരൂര്‍ സ്വദേശി(29) എന്നിവരാണ് രോഗമുക്തരായത്. ഇതിനു പുറമെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേദമായിട്ടുണ്ട്.

പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ 22 പേര്‍ ഇപ്പോള്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

1. മെയ് 18ന് അബുദാബിയില്‍നിന്നും എത്തിയ കോട്ടയം തേക്കേത്തുകവല സ്വദേശിനി(54). ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.

2 . മെയ് 26ന് കുവൈറ്റില്‍നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(40). കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ സെന്‍ററില്‍ ക്വാറന്‍റയിനിലായിരുന്നു.

3. മെയ് 26ന് കുവൈറ്റില്‍നിന്ന് എത്തിയ ആര്‍പ്പൂക്കര പനമ്പാലം സ്വദേശിനി(51). കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ സെന്‍ററില്‍ ക്വാറന്‍റയിനിലായിരുന്നു.

4. മെയ് 30ന് ദോഹയില്‍നിന്നെത്തിയ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി(30). കോട്ടയം കളത്തിപ്പടി ഗിരിദീപം ഹോസ്റ്റലില്‍ ക്വാറന്‍റയിനിലായിരുന്നു. മൂന്നു മാസം ഗര്‍ഭിണിയാണ്.

5. മുംബൈയില്‍നിന്ന് മെയ് 21ന് വന്ന ചങ്ങനാശേരി കുറമ്പനാടം സ്വദേശിനി(56). രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധിച്ചത്.

6. കുറമ്പനാടം സ്വദേശിനിയുടെ മകന്‍ (37). മുംബൈയില്‍ ഹോം നഴ്സായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി.

7. ചെന്നൈയില്‍നിന്നും മെയ് 24ന് എത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശി(33). കൂടെയുണ്ടായിരുന്ന സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധന നടത്തിയത്.

8. മഹാരാഷ്ട്രയില്‍നിന്നെത്തിയ കുറവിലങ്ങാട് ഇലയ്ക്കാട് സ്വദേശിനി(29). ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.