കിഴിവിൽ തർക്കം; തിരുവാർപ്പിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ; അമിത കിഴിവ് ചോദിച്ചാൽ മില്ലുകൾ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ

Spread the love

കോട്ടയം : കോട്ടയം ജെ-ബ്ലോക്ക് 9000 കായൽപാടശേഖരത്തിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ. സംഭരിക്കപ്പെടുന്ന നെല്ലിന് കിന്റലിന് 3.5 കിലോഗ്രാം കിഴിവ് മില്ലുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം.

ജില്ലയിൽ ഉല്പാദിപ്പിക്കപ്പെടുന്ന നെല്ലിൽ ഏറ്റവും ഗുണനിലവാരമുള്ള നെല്ലാണ് ജെ-ബ്ലോക്ക് 9000 കായൽപാടശേഖരത്തിൽ നിന്നും ലഭിക്കുന്നതെന്ന് കൃഷിവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. നെല്ലിന്റെ ഗുണ നിലവാരം മൂലം നാളിതു വരെ കിഴിവ് നൽകാത്ത പാടശേഖരമാണ് ജെ-ബ്ലോക്ക് 9000. മാർച്ച് മൂന്നാം തീയതിയാണ് വിളവെടുപ്പ് ആരംഭിച്ചത്. 1800 ഏക്കർ പാടശേഖരത്ത് 25 കൊയത്ത് യന്ത്രങ്ങൾ വിളവെടുപ്പ് നടത്തുന്നു. 400 ഏക്കറിലെ വിളവെടുപ്പ് പൂർത്തിയായി.

 


അപ്രതീക്ഷിത വേനൽ മഴ പെയ്യുന്ന സാഹചര്യത്തിൽ കൊയ്ത് കൂട്ടിയ നെല്ല് നനഞ്ഞ് നശിക്കാൻ സാധ്യയുണ്ട്. കിഴിവ് നൽകുന്നതിലെ തർക്കം പരിഹരിക്കാതെ വന്നാൽ ജില്ലയിലെ ഏറ്റവും മികച്ച നെല്ല് ഗുണനിലവാരമില്ലാതെയാകും. ജില്ലയിൽ ലഭിക്കുന്ന ഏറ്റവും നല്ല നെല്ല് സംഭരിക്കുവാൻ കിഴിവ് നൽകേണ്ടതില്ലെന്നും അമിതമായി കിഴിവ് ആവശ്യപ്പെടുന്ന മില്ലുകളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും കോട്ടയം ജില്ലാ കളക്ടർ നിർദ്ദേശിച്ചതായി പാഡി ഓഫീസർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മില്ലുകൾ കർഷകരെ സമ്മർദ്ദത്തിലാക്കുന്നു – റജീന അഷ്റഫ് (നെൽ കർഷക സംരക്ഷണ സമിതി)

പിന്നിട്ട വർഷങ്ങളിൽ കിഴിവൊന്നും ആവശ്യപ്പെടാതെ നെല്ല് സംഭരിച്ച മില്ലുകൾ പുതുതായി ഭരണമേറ്റ പാടശേഖര സമിതിയെ സമ്മർദ്ദത്തിലാക്കി കിഴിവ് നേടാൻ ശ്രമിക്കുകയാണ്. കിഴിവ് നൽകേണ്ടന്ന് ജില്ലാ കളക്ടർ പറഞ്ഞിട്ടും അന്തിമതീരുമാനം ആയില്ല.

നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച കോട്ടയത്ത് പാഡി മാർക്കറ്റിംഗ് ഓഫീസിലേക്ക് കർഷകരുടെ പ്രതിഷേധ മാർച്ച് നടക്കും.

കർഷകർ തമ്മിൽ ഐക്യം വേണം അനുജ ജോർജ്ജ് (പാഡി മാർക്കറ്റിംഗ് ഓഫീസർ)

ഗുണനിലവാര പരിശോധനയ്ക്ക് വിധേയമായി കിഴിവില്ലാതെ തന്നെ കർഷകരുടെ നെല്ല് സംഭരിക്കപ്പെടണം,നെല്ലിൽ നനവിന്റെ അംശം ഇല്ല.അതേസമയം 3 ശതമാനം പതിര് എന്നത് 10 ശതമാനമായി ഉയർന്നു നിൽക്കുന്നു. 3.5 കിലോഗ്രാം കിഴിവ് എന്നത് 2 കിലോഗ്രാമെന്ന് മില്ലുകൾ കുറച്ചിട്ടുണ്ട്. കർഷകർ തമ്മിൽ ഐക്യത്തോടെ തീരുമാനം എടുത്താൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കൂ.