
സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് അതേ വാഹനം ഇടിച്ച് ദാരുണാന്ത്യം; അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക നിഗമനം; സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് നല്ലളം പോലീസ്
ഫറോക്ക്: സ്‌കൂൾ വാനിൽനിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച് മരിച്ചു. നല്ലളം കീഴ്വനപാടം വലിയപടന്ന വി.പി. അഫ്‌സലിൻ്റെ മകൾ സൻഹ മറിയം (എട്ട്) ആണ് ദാരുണമായി മരിച്ചത്.
കുണ്ടായിത്തോട് ചെറിയ കരിമ്പാടം അംഗൻവാടിക്കു സമീപം വ്യാഴാഴ്‌ച വൈകീട്ട് 4.15നാണ് സംഭവം. ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി സ്കൂളിൽ പഠിക്കുന്ന സൻഹ മറിയത്തിനെ സ്‌കൂൾ വാഹനത്തിൽ മാതാവിന്റെ വീട്ടുപരിസരത്ത് ഇറക്കിയശേഷം, ഉടൻ വാഹനം പിറകോട്ട് എടുക്കുകയും കുട്ടിയുടെ തലയിലൂടെ ടയറുകൾ കയറിയിറങ്ങി തൽക്ഷണം മരിക്കുകയുമായിരുന്നു. കെ.എൽ 11 ബി.ക്യൂ 0600 സ്‌കൂൾ വാൻ ആണ് അപകടത്തിനിടയാക്കിയത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മണ്ണൂർവളവ് പെരിങ്ങോട്ടുകുന്ന് സ്വദേശി നിധിൻലാലിനെതിരെ (22) നല്ലളം പൊലീസ് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തതായി ഫറോക്ക് ജോയൻ്റ് ആർ.ടി.ഒ സി.പി. സക്കരിയ അറിയിച്ചു. മാതാവ്: സുമയ്യ. സഹോദരങ്ങൾ: റബീഹ്, യസീത്. ഖബറടക്കം വെള്ളിയാഴ്‌ച ഉച്ചക്ക് മൂന്നിന് നല്ലളം പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.