
വെറ്റിനറി ഓഫീസറാണെന്ന് പറഞ്ഞ് കർഷകരെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ; പ്രതിയുടെ ഗൂഗിൾ പേ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കോട്ടയം തുരുത്തി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
ആലപ്പുഴ: ജില്ലാ വെറ്ററിനറി ഓഫീസര്‍ ആണെന്ന് ധരിപ്പിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള കർഷകനെ കബളിപ്പിച്ച് പണം ആവശ്യപ്പെട്ട പ്രതി അറസ്റ്റിൽ.
കര്‍ഷകനെ ഫോൺ വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പക്ഷിപ്പനി മൂലം കള്ളിംഗ് നടത്തിയതിന്‍റെ നഷ്ടപരിഹാരം അനുവദിച്ചതിന് പ്രത്യുപകാരമായി പണം ഗൂഗിൾ പേ വഴി അയക്കണം എന്നാണ് പ്രതി റെന്നി മാത്യു (31) കര്‍ഷകനോട് ആവശ്യപ്പെട്ടത്.
ഇയാളെ ജില്ലാ സൈബർ ക്രൈം പൊലീസ് പിടികൂടി. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോക്ടർ അരുണോദയ പി വി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ വെറ്ററിനറി ഡോക്ടറാണ് എന്നു പറഞ്ഞ് ഒരാൾ ഫോണിലൂടെ പണം ആവശ്യപ്പെട്ട കാര്യം കടക്കരപ്പള്ളി വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജനായ ഡോ. അനുരാജിനെ കർഷകൻ അറിയിച്ചിരുന്നു. അതിന്‍റെ വോയ്സ് റെക്കോർഡ് ഡോക്ടർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
പക്ഷിപ്പനിയെത്തുടർന്ന് കള്ളിംഗ് നടത്തിയതിന്‍റെ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചതിലേക്ക് 1,84,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചതിന് ഗൂഗിൾ പേ വഴി പണം ഓഫീസിലുള്ളവർക്ക് നൽകണമെന്നുമാണ് പ്രതി ആവശ്യപ്പെട്ടത്.
തുടർന്ന് ഗൂഗിൾ പേ നമ്പർ അയച്ചു കൊടുക്കുകയും ചെയ്തു. ഈ വിവരം കടക്കരപ്പള്ളി വെറ്ററിനറി സർജൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസറെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചത്.
മരിച്ചുപോയ ചങ്ങനാശ്ശേരി സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് പ്രതി കർഷകനുമായി ബന്ധപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി അയച്ചുകൊടുത്ത ഗൂഗിൾ പേ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കോട്ടയം തുരുത്തി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതിയുടെ കയ്യിൽ നിന്നും തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ മറ്റൊരു പ്രതിയായ കോട്ടയം കുറിച്ചി സ്വദേശിയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതി സമാനമായ രീതിയിൽ ഔദ്യോഗിക സ്ഥാനപ്പേരുകൾ ഉപയോഗിച്ചും, കാൻസർ ചികിത്സയ്ക്കെന്ന വ്യാജേനയും പലരെയും ഫോൺകോളിലൂടെ വഞ്ചിച്ച് പണം തട്ടിയിട്ടുണ്ട്. കൂടാതെ കോട്ടയം സ്വദേശിയായ അഡ്വക്കേറ്റിന്‍റെ ക്ലർക്ക് ആണെന്നും മറ്റും പറഞ്ഞു ആൾമാറാട്ടം നടത്തിയും പ്രതി പണം തട്ടിയിട്ടുണ്ട്.