ഇക്കുറി വെറൈറ്റി വെള്ളപ്പൊക്കം: ഇതു മൂന്നാം തവണ: ഇറങ്ങിയ വെള്ളം ഉടനെ കയറി: കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ദുരിതം

Spread the love

കോട്ടയം : മഴ ശക്തമായതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയില്‍ ദുരിതം വർധിച്ചു.
കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി പെയ്ത മഴയില്‍ ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്. മീനച്ചിലാറിന്റെ തീരമേഖലയില്‍ വരുന്ന പഞ്ചായത്തുകളിലും നഗരസഭാ പരിധികളിലുമാണ് വെള്ളപ്പൊക്കദുരിതം. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതാണ് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയത്.

തിരുവാർപ്പ്, അയ്മനം, കുമരകം, പായിപ്പാട്, ആർപ്പൂക്കര, മണർകാട്, വിജയപുരം, കല്ലറ, നീണ്ടൂർ പഞ്ചായത്തുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തോടുകളും പാടശേഖരങ്ങളും നിറഞ്ഞു കവിഞ്ഞു. മേയ് അവസാന വാരവും രണ്ടാഴ്ച മുമ്ബും കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായിരുന്നു. ക്യാമ്ബുകള്‍ പിരിച്ചുവിട്ടെങ്കിലും വീണ്ടും പുന:രാരംഭിച്ചു.

കുമരകം മേഖലയില്‍ അപകടനിരപ്പിന് മേലെയാണ് മീനച്ചിലാർ ഒഴുകുന്നത്. കൊടൂരാറിന്റെ പടിഞ്ഞാറൻ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയെങ്കിലും വൈക്കം മേഖലയിലെ ദുരിതം തീരുന്നില്ല. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങള്‍ എങ്ങനെ പഠിക്കും
ഒരുമാസത്തിനിടെ മൂന്നാംതവണയാണ് പടിഞ്ഞാറൻനിവാസികള്‍ വെള്ളപ്പൊക്ക കെടുതി നേരിടുന്നത്. നിരവധി വിദ്യാർത്ഥികള്‍ക്ക് ഒരു ദിവസം പോലും പുതിയ അദ്ധ്യയന വർഷം സ്‌കൂളില്‍ പോകാനായില്ല. ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകളില്‍ പഠിക്കുന്നവർക്കായിരുന്നു ഇരട്ടിദുരിതം. മണിമലയാറ്റില്‍ കിഴക്കൻ മേഖലയില്‍ അതിവേഗം വെള്ളം താഴ്ന്നപ്പോള്‍ കുട്ടനാടിനോട് ചേർന്നു കിടക്കുന്നയിടങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല. രണ്ടാം വെള്ളപ്പൊക്കത്തില്‍ വെള്ളമെത്താത്ത സ്ഥലങ്ങളില്‍ പോലും ഇത്തവണ വെള്ളം ഉയർന്നു.

30 ദിവസത്തിനിടെ 3 തവണ വെള്ളപ്പൊക്കം
”മഴ വീണ്ടും ശക്തിപ്പെട്ടാല്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന ആശങ്കയിലാണ് ജനം. ആദ്യമായാണ് തുടർച്ചയായി ഇങ്ങനെയുണ്ടാകുന്നത്. പലർക്കും ജോലിയ്ക്ക് പോകാൻ പോലും സാധിക്കുന്നില്ല

കൃഷിയും വെള്ളത്തില്‍
വൻകൃഷിനാശമാണ് മേഖലയിലുണ്ടായത്. നെല്‍കർഷകർക്കാണ് ദുരിതമേറെ. മികച്ച വിളവു. പ്രതീക്ഷിച്ചു കൃഷിയിറക്കിയ പച്ചക്കറി, കപ്പ, വാഴ എന്നിവയ്ക്കും നഷ്ടമുണ്ടായിട്ടുണ്ട്. വെള്ളം ഇറങ്ങാൻ താമസിക്കും തോറും നഷ്ടത്തിന്റെ ആഘാതവും കൂടും.

മലയോര യാത്രയില്‍ ജാഗ്രതയാകാം
മഴ ഏറിയും കുറഞ്ഞും തുടരുന്ന സാഹചര്യത്തില്‍ കിഴക്കൻ മലയോര മേഖലയിലേക്കുള്ള യാത്രയില്‍ കരുതല്‍ വേണം. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാദ്ധ്യത മുൻനിറുത്തി രാത്രി യാത്ര ഒഴിവാക്കുന്നതാകും ഉചിതം. വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരമേഖലയിലേക്കുള്ള യാത്രക്കാർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം.