
കോട്ടയം: ചുട്ടുപൊള്ളുന്ന വേനലിൽ പാൽ ഉൽപ്പാദനം ഇടിഞ്ഞു, ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിൽ.
പച്ചപ്പുൽ ക്ഷാമവും കാലിത്തീറ്റ വിലവർദ്ധനയും കർഷകരെ വലയ്ക്കുകയാണ്.
നൂറ്റമ്പതിലധികം പശുക്കളെ വളർത്തുന്ന കോട്ടയം കുറവിലങ്ങാട്ടെ സ്വകാര്യഫാമിൽ കഴിഞ്ഞദിവസം പ്രസവിച്ച പശു മണിക്കൂറുകൾക്കുള്ളിൽ ചത്തുവീണു. വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് ആവശ്യമായ കുടിവെള്ളം പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പല ക്ഷീരകർഷകരും.
ചൂട് കൂടുന്നതിനനുസരിച്ചുള്ള സൗകര്യങ്ങൾ കൂടുകളിൽ ഒരുക്കണമെങ്കിൽ ചെലവേറും. മൃഗചികിത്സാ ചെലവിലെ വർദ്ധനയും തീറ്റപ്പുൽ കൃഷിയിലെ സ്ഥലപരിമിതിയും കാലികളുടെ എണ്ണത്തിലുണ്ടായ കുറവും അന്യസംസ്ഥാനങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ പാൽ കുറഞ്ഞ വിലയ്ക്ക് എത്തുന്നതും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യകമ്പനികളുടെ 50 കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് നിലവിൽ 1500 രൂപയ്ക്കു മുകളിലാണ് വില. പച്ചപ്പുല്ലിന് ക്ഷാമം നേരിട്ടതോടെ വൈക്കോൽ കൊടുത്താണ് പല കർഷകരും പശുക്കളെ വളർത്തുന്നത്. 20 കിലോഗ്രാം റോൾ വൈക്കോലിന് നിലവിൽ 240,260 രൂപ വരെയാണ് വില. കർണാടകയിൽ നിന്നും ചോളത്തണ്ടുകൾ എത്തുന്നതും കുറഞ്ഞു.
വേനൽ കടുത്തതോടെ കുടിവെള്ളലഭ്യതയും കുറഞ്ഞു. വേനൽക്കാലത്ത് ഒരു പശുവിന് പ്രതിദിനം കുറഞ്ഞത് 100 ലീറ്റർ എന്ന തോതിലാണ് വെള്ളം നൽകേണ്ടത്.



