
കോട്ടയം : വോട്ടെടുപ്പ് കഴിഞ്ഞ് ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം നാളെ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ജയപരാജയത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് മുന്നണികള്‍.
2021 ലെ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിൽ എല്‍.ഡി.എഫ് ഒമ്പതില്‍ അഞ്ചും യു.ഡി.എഫ് നാലും സീറ്റുകള്‍ നേടിയിരുന്നു. ഭരണവിരുദ്ധതയും തരംഗ സാദ്ധ്യതയും ഒത്തു ചേർന്ന് വൈക്കം ഒഴിച്ച് എട്ടു സീറ്റും ലഭിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. എക്സിറ്റ് പോളും ഇരട്ടി ആത്മവിശ്വാസം നല്‍കുന്നു. ഇടതു മുന്നണിയാകട്ടെ അഞ്ചുസീറ്റിന് പുറമേ പാലായില്‍ ഇക്കുറി ജോസ് കെ.മാണി വിജയിക്കുമെന്നും പ്രതീക്ഷിക്കുന്നു. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളിലാണ് എൻ.ഡി.എ പ്രതീക്ഷ.
പൂഞ്ഞാറില്‍ 2021 ല്‍ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ലഭിച്ച 42000 വോട്ടിന് പുറമേ ബി.ജെ.പിയുടെ 20000 വോട്ടുകൂടി ലഭിച്ചാല്‍ ജയിക്കുമെന്നാണ് പി.സി. ജോർജ് അവകാശപ്പെട്ടത്. പാലായില്‍ ഷോണ്‍ ജോർജിന് ജയിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും ജോർജ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പിടിക്കുന്ന വോട്ടുകള്‍ നിർണായകമാണ്.
ഇടതുസ്ഥാനാർത്ഥി ഡോ.എൻ.ജയരാജിന് ലഭിക്കേണ്ട വോട്ടുകള്‍ ജോർജ് കുര്യൻ പിടിക്കുമെന്നതിനാല്‍ റോണികെ.ബേബിക്ക് ജയസാദ്ധ്യതയുണ്ടെന്ന് യു.ഡി.എഫ് പറയുന്നു.
കോട്ടയം,പുതുപ്പള്ളി, കടുത്തുരുത്തി സീറ്റുകളില്‍ വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച യു.ഡി.എഫ് പാലാ, ചങ്ങനാശേരി, പൂഞ്ഞാർ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കുമെന്നാണ് വിലയിരുത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ നിന്ന് എത്ര മന്ത്രിമാർ
ഭരണമുറപ്പിച്ചമട്ടില്‍ യു.ഡി.എഫില്‍ മന്ത്രിമാരാകാനുള്ള ചർച്ചയും തുടങ്ങി. ജില്ലയില്‍ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും, മോൻസ് ജോസഫിനും, പുറമേ ചാണ്ടി ഉമ്മനും മന്ത്രിയായേക്കും. ജയിച്ചാല്‍ മാണി സി.കാപ്പനും, നാട്ടകം സുരേഷും മന്ത്രിമാരായേക്കുമെന്ന പ്രചാരണവുമുണ്ട്. എക്സിറ്റ്പോള്‍ ഫലത്തിന് വിപരീതമായി ഇടതുമുന്നണി അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടായാല്‍ ഏറ്റുമാനൂരിലും, പാലായിലും വി.എൻ.വാസവനും, ജോസ് കെ മാണിയും വിജയിച്ചാല്‍ ഇരുവരും മന്ത്രിമാരാകും. ഒപ്പം ഡോ.എൻ.ജയരാജിനും അർഹമായ പരിഗണന ലഭിച്ചേക്കും.
”എക്സിറ്റ് പോളിലല്ല ജനങ്ങളിലാണ് വിശ്വാസം. ഇടതുമുന്നണിയ്ക്ക് തുടർഭരണം ലഭിക്കുന്നതിന് പുറമേ ജില്ലയിലും വൻ ജയം നേടും. 2021 ല്‍ ലഭിച്ച അഞ്ചുസീറ്റില്‍ കൂടുമെന്ന്
മന്ത്രി വി.എൻ.വാസവൻ പറയുന്നു.
”വൈക്കം ഒഴിച്ച് ഒമ്പതില്‍ എട്ടു സീറ്റും നേടാവുന്ന സാഹചര്യമാണുള്ളത്. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്ന്
തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിക്കുന്നു.







