
ചങ്ങനാശേരി: റോഡുകളിലെ തെരുവ് വിളക്കുകൾ നോക്കുകുത്തിയായതോടെ നഗരവും പരിസര പ്രദേശങ്ങളും ഇരുട്ടിലായി.
കാത്തിരിപ്പു കേന്ദ്രത്തിന് സമീപം, റെയിൽവേ റോഡ്, ഇടറോഡുകൾ, നഗരത്തിലെ പ്രധാന ഇടങ്ങൾ, പെരുന്ന ബസ് സ്റ്റാൻഡ്, പെരുന്ന റെഡ് സ്‌ക്വയർ, എസ്.എച്ച് ജംഗ്ഷൻ, സ്റ്റേഡിയം റോഡ്, ആശുപത്രി റോഡ് തുടങ്ങി നഗരത്തിലെ നിരവധി പ്രധാന റോഡുകളിലെ വിളക്കുകൾ ഉറക്കത്തിലാണ്.
വാഹനങ്ങളിൽ നിന്നും സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമുള്ള വെളിച്ചമാണ് ഏക ആശ്രയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിൽ മാത്രമല്ല, ഇടറോഡുകളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ ഇരുട്ടിലാണ്.
സോളാർ ലൈറ്റുകൾ ഉണ്ടെങ്കിലും ഇതും കത്താറില്ല.
ഇവയിൽ പലതും വാഹനങ്ങൾ ഇടിച്ചു തകർത്ത നിലയിലാണ്.
വഴിവിളക്കുകൾ തെളിയാത്തതുമൂലം ഇരുട്ടിന്റെ മറവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും മാലിന്യങ്ങൾ വലിച്ചെറിയുന്നവരുടെഎണ്ണവും വർദ്ധിച്ചു.
പ്രഭാത സവാരിപോലും സാധിക്കാത്ത അവസ്ഥയാണെന്നാണ് നഗരവാസികൾ പറയുന്നത്.
റോഡിൽതപ്പിത്തടഞ്ഞ്
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിർമിച്ച ബൈപാസിലൂടെയുള്ള യാത്ര നരകതുല്യമായി.
ഇരുട്ടു വീണാൽ പിന്നെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാണ്. മാലിന്യം നിക്ഷേപിക്കാൻ സൗകര്യമുള്ള ഇടം നോക്കി നടക്കുന്നവർക്ക് ഇത് അനുകൂലമാകുന്നു.
ഇതിന്റെ ഫലമായി ളായിക്കാട്, റെയിൽവേ എന്നീ ഭാഗത്ത് റോഡിനിരുവശത്തും കവറുകളിൽ കെട്ടിയ നിലയിൽ മാലിന്യക്കൂമ്പാരത്തിനു കുറവില്ല.
ബസ് സ്റ്റാൻഡുകളും ഇരുട്ടിലാണ്. രാത്രി എട്ടു കഴിഞ്ഞാൽ സാമൂഹ്യവിരുദ്ധരുടെ ഇടത്താവളം.
ഇടറോഡുകളും ഇരുട്ടിൽതപ്പി. പാമ്പുശല്യവും തെരുവുനായ ശല്യവും ജനങ്ങൾക്ക് ഭീഷണിയാവുകയാണ്.
നഗരത്തിലെ പല ഇടറോഡുകളും മദ്യപാനമുൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്.
ഇരുട്ടുനിറഞ്ഞ വഴികളിലുടെ സഞ്ചരിക്കേണ്ട ഗതികേടാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.







