
സ്വന്തം ലേഖിക
കോട്ടയം: സംക്രാന്തി വാണിഭത്തിന് ഇന്ന് തുടക്കം.
കോവിഡിനെത്തുടര്‍ന്നു രണ്ടു വര്‍ഷമായി ചടങ്ങുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന വാണിഭം വിപുലമായിട്ടാണ് ഇത്തവണ കൊണ്ടാടുന്നത്. നാളെ പാക്കില്‍ വാണിഭത്തിന് തുടക്കമാകും.
മിഥുനമാസത്തിലെ അവസാന ദിവസമാണ് സംക്രാന്തി വാണിഭം. പാക്കില്‍ ശാസ്താ ക്ഷേത്രവളപ്പില്‍ കര്‍ക്കടകം ഒന്നുമുതല്‍ ഒരു മാസമാണു പാക്കില്‍ സംക്രമ വാണിഭം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭ, കുമാരനല്ലൂര്‍ ഊരാണ്മ ദേവസ്വം, സംക്രാന്തി വിളക്കമ്പലം, വ്യാപാരി വ്യവസായ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഇന്നു വൈകുന്നേരം മൂന്നിനു നീലിമംഗലത്തുനിന്നു സംക്രാന്തിയിലേക്കു സാംസ്കാരിക ഘോഷയാത്ര. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
തോമസ് ചാഴികാടന് എംപി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, എം.എ. ഷാജി, സാബു മാത്യു എന്നിവര്‍ പ്രസംഗിക്കും. യോഗത്തില്‍ കര്‍ഷകരെയും വ്യാപാരികളെയും കലാകാരന്മാരെയും ആദരിക്കും.
കുടുംബശ്രീ, കൃഷിഭവന്, തൊഴിലുറപ്പ് വിഭാഗങ്ങളുടെയും പരമ്പരാഗത വ്യാപാരികളുടെയും സ്റ്റാളുകള്‍ ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
നാടന്‍ വിത്തിനങ്ങളും കാര്‍ഷികോപകരണങ്ങളും സ്റ്റാളുകളില്‍ ലഭ്യമാകും. വിവിധ നാടന്‍ കലാപരിപാടികളും അരങ്ങേറും. ഉരല്, ഉലക്ക, അമ്മിക്കല്ല്, അരകല്ല്, ആട്ടുകല്ല്, കല്‍ചട്ടി, മണ്‍ചട്ടി, മരത്തടിയില്‍ തൈര് കടഞ്ഞ് വെണ്ണയെടുക്കുന്ന മത്ത്, പണ്ട് കാലത്ത് ചോറ് വാര്‍ത്തിരുന്ന തടിപ്പലക, നാഴി, ഇടങ്ങഴി, പറ, നെല്ല് ഉണക്കുന്ന വലിയ ചിക്കുപായ, കിടക്കാനുള്ള പായ, വിശറി, തുണിയുള്ള ചാരുകസേര തുടങ്ങി പഴമയുടെ കഥ പറയുന്ന സാധനങ്ങള്‍ ലഭ്യമാണ്.
മീന്‍കറിക്കു രുചികൂട്ടുന്ന കുരുമാറ്റി ഉണങ്ങി എണ്ണയിട്ട കുടംപുളി എന്തുവില കൊടുത്തും പാക്കില്‍ വാണിഭത്തില്നിന്നു വാങ്ങാന്‍ വീട്ടമ്മമാര്‍ കാത്തിരിക്കാറുണ്ട്. അവില്, മലര്, നാടന്‍കുത്തരി, കരിപ്പെട്ടി, മറയൂര്‍ ശര്‍ക്കര, പഞ്ഞപ്പുല്ല്, കൂവപ്പൊടി തുടങ്ങിയവയും ലഭിക്കും. സംക്രാന്തി വാണിഭത്തിനു ശേഷം കച്ചവടക്കാര്‍ പലരും പാക്കില്‍ വാണിഭത്തിനായി പോകും.







