
കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നും എത്തിയ ട്രെയിൻ തട്ടി; ട്രാക്കിൽ വീണ് കൈ അറ്റു പോയ കുഴിമറ്റം സ്വദേശിയ്ക്കു ദാരുണാന്ത്യം; റെയിൽവേ സ്‌റ്റേഷനിലെ അൽപം അശ്രദ്ധ ജീവനെടുക്കും
സ്വന്തം ലേഖകൻ
കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ അൽപം അശ്രദ്ധയ്ക്കു പോലും പകരം ജീവന്റെ വില നൽകേണ്ടി വന്നേയ്ക്കാം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായത്. ട്രെയിൻ കടന്നു വരുന്നത് അറിയാതെ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോയ വയോധികനെ ട്രെയിൻ ഉള്ളിലേയ്ക്കു വലിച്ചിടുകയായിരുന്നു. തലയടിച്ച് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ ഇദ്ദേഹം ദാരുണമായി മരിച്ചു.
പനച്ചിക്കാട്, കുഴിമറ്റം മിനി ഭവനിൽ കുര്യാക്കോസ് ചാക്കോ (62) ആണ് ട്രെയിൻ തട്ടി ട്രാക്കിലേയ്ക്കു വീണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമിലൂടെ നടക്കുകയായിരുന്ന കുര്യാക്കോസിനെ, പിന്നിൽ നിന്നും എത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു. ട്രെയിൻ കടന്നു വരുന്ന വിവരം കുര്യാക്കോസ് അറിഞ്ഞിരുന്നില്ല. പ്ലാറ്റ്‌ഫോമിന്റെ ട്രാക്കിനോടു ചേർന്ന ഭാഗത്തു കൂടിയാണ് ഇയാൾ നടന്നിരുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ഭാഗത്തേക്ക് നീങ്ങിയ കോർബ എക്‌സ്പ്രസാണ് കുര്യാക്കോസിനെ ഇടിച്ചത്. കുര്യാക്കോസിന്റെ വലതുകൈ അറ്റുപോവുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.