
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭാ കൗൺസിൽ യോഗത്തിൽ കോടികള്‍ പാഴാക്കിയെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം.
ഇന്നലെ രാവിലെ 11ന് ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ ചര്‍ച്ചയ്ക്കെടുക്കുന്നതിനു മുന്‍പുതന്നെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങി. ഇതിനു പിന്നാലെ തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്ന വിഷയവും ചര്‍ച്ചയായതോടെ കൗണ്‍സില്‍ യോഗം ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള വാക്പോരിലേക്കും ബഹളത്തിലേക്കും ചെന്നെത്തി.
33.85 കോടി രൂപയുടെ പദ്ധതി നഗരസഭ 2019-20 സാന്പത്തിക വര്‍ഷം പാഴാക്കിയെന്ന ഓഡിറ്റ് റിപ്പോര്ട്ടിന്മേലാണ് യോഗം ആരംഭിച്ചയുടന്‍ വാക്കേറ്റം ആരംഭിച്ചത്. രണ്ടരവര്‍ഷമായി നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കു വയ്ക്കുന്നില്ലെന്നും ചെയര്‍പേഴ്സണ്‍ അഴിമതിയ്ക്കു കുടപിടിക്കുകയാണെന്നും നഗരസഭയുടെ കെടുകാര്യസ്ഥതയാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതെന്നും പ്രതിപക്ഷം ആരോപിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ മേയ് ആദ്യവാരം ചേരാമെന്ന ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്റെ മറുപടിയെറുപടിയെത്തുടര്ന്നാണ് യോഗം അജണ്ടയിലേക്കെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിലെ രാജാധാനി ഹോട്ടല്‍ കെട്ടിടത്തിന്റെ താമസയോഗ്യ സര്‍ട്ടിഫിക്കറ്റ് ചര്‍ച്ച വീണ്ടും തര്‍ക്കത്തിനിടയാക്കി. ഷോപ്പിംഗ് കോംപ്ലക്സിലെ ഒരു ബ്ലോക്കിലെ കെട്ടിടം ബലപ്പെടുത്താമെങ്കില് മറ്റു കെട്ടിടങ്ങളും ബലപ്പെടുത്താമെന്നും കച്ചവടക്കാരെ വഴിയാധാരമാക്കരുതെന്നും കൗണ്‍സിലര്‍ ജിബി ജോണ്‍ പറഞ്ഞു.
പൊളിക്കേണ്ടതില്ലാത്ത കെട്ടിടം 1979ലും മറ്റു കെട്ടിടങ്ങള്‍ 1962 ലുമാണ് നിര്‍മിച്ചതെന്നും രണ്ടു കെട്ടിടങ്ങളും തമ്മില്‍ 18 വര്‍ഷത്തെ വ്യത്യാസമുണ്ടെന്നും വൈസ്ചെയര്‍മാന്‍ ബി. ഗോപകുമാര്‍ മറുപടി നല്കി.
പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കുന്നതു നഗരസഭയ്ക്കു പുതിയ വരുമാന മാര്‍ഗം കണ്ടെത്താനാണെന്നും കച്ചവടക്കാരെ നഗരസഭയുടെ നാഗന്പടം സ്റ്റാന്ഡിലുള്പ്പെടെയുള്ള ഒഴിഞ്ഞു കിടക്കുന്ന കടമുറികളിലേക്കു പുനരധിവസിപ്പിക്കാമെന്നും ഗോപകുമാര്‍ പറഞ്ഞു.
വടവാതൂര്‍ ഡംപിംഗ് യാര്‍ഡിനു സമീപമുള്ള നഗരസഭാ വസ്തുവില്‍ താമസിക്കുന്ന 11 കുടുംബങ്ങള്‍ക്ക് ആ വസ്തു അനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യവും തര്‍ക്കമുണ്ടാക്കി. ഈ കുടുംബങ്ങള്‍ക്കു മറ്റൊരു സ്ഥലം അനുവദിച്ചു നല്‍കാമെന്ന നിര്‍ദേശമാണ് ഭരണപക്ഷം മുന്നോട്ടുവച്ചത്. ഇതിനുള്ള സാങ്കേതിക തടസങ്ങളും ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ നിരത്തി. ഇവര്‍ക്കു ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീട് നല്‍കാമെന്ന് ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ കൗണ്‍സിലിനെ അറിയിച്ചു.
ലൈഫ് പദ്ധതിയില്‍പ്പെടുത്തി ഒരു വീട് പോലും നല്‍കാത്ത നഗരസഭയാണു കോട്ടയമെന്നും അതിനാല്‍ ഈ തീരുമാനത്തിനു കൂട്ടുനില്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഷീജ അനില്‍ പറഞ്ഞു.
നഗരസഭാ എന്‍ജിനിയറിംഗ് വിഭാഗം വലിയ കെടുകാര്യസ്ഥതയിലാണു പ്രവര്‍ത്തിക്കുന്നതെന്നും നഗരസഭാ പാര്‍ക്ക് നവീകരിക്കുന്നതിനു 15 ലക്ഷം രൂപയുടെ വ്യാജ എസ്റ്റിമേറ്റാണ് എന്‍ജിനിയറിംഗ് വിഭാഗം തയാറാക്കിയതെന്നും നഗരസഭ ഓഡിറ്റിംഗ് വിഭാഗം ഫയലുകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിനു ശിപാര്‍ശ ചെയ്യണമെന്നും ബി. ഗോപകുമാര്‍ പറഞ്ഞു.2 വർഷം മുൻപ് 2 കോടി 7 ലക്ഷം രൂപ മുടക്കിയ്യാണ് പാർക്ക് നവീകരിച്ചത്. ഇതിൽ വൻ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.
85ല്‍പരം അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഏഴു അജണ്ടകള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ചു ബാക്കി അജണ്ടകള്‍ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ച് ചെയര്‍പേഴ്സണ്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു.









