
ഓക്സിജൻ ക്ഷാമത്തിന് വിട; കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ ദ്രവ ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിൽ
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ ദ്രവ ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും.
നിലവില്‍ പൊടിപാറ ബില്‍ഡിംഗിനു സമീപത്തെ ദ്രവ ഓക്സിജന്‍ പ്ലാന്റാണുള്ളത്. ഇവിടെനിന്നാണ് ഓപ്പറേഷന് തിയേറ്റര്‍, ഐസിയു എന്നിവിടങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് പ്ലാന്റ് സ്ഥാപിച്ചതും അറ്റകുറ്റപ്പണി നടത്തുന്നതും. രണ്ടാമത്തെ പ്ലാന്റ് സര്‍ക്കാര്‍ നേരിട്ടാണ് നിര്‍മിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ കേരള മെഡിക്കല്‍ സര്‍വീസ് കമ്പനിയാണ് 10 കിലോ ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് നിര്‍മിക്കുന്നത്.
ഈ ദ്രവ ഓക്സിജന്‍ പ്ലാന്റ് സി ടൂ ബ്ലോക്കിനു സമീപമാണ് പൂര്‍ത്തിയാകുന്നത്. രോഗികളുടെ കിടക്കയ്ക്കുസമീപം ഓക്സിജന്‍ എത്തിക്കാന്‍ കഴിയുന്ന പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു പൂര്‍ത്തിയായാല്‍ ടാങ്കില്‍ ഓക്സിജന്‍ നിറച്ച് വിതരണമാരംഭിക്കും.
കോവിഡ് കാലത്ത് പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ രണ്ടുകോടി രൂപ ചെലവില്‍ അന്തരീക്ഷ വായുവില്‍നിന്ന് ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു സമീപം നിര്‍മിച്ചിരുന്നു. 5000 ചതുരശ്രയടി വിസ്തീര്‍ണവും രണ്ടുനില കെട്ടിടത്തിന്റെ ഉയരവുമുള്ളതാണ് പ്ലാന്റ്. ഇതില്‍ നിന്നുള്ള ഓക്സിജന്‍ അത്യാഹിത വിഭാഗം, കൊറോണ വാര്‍ഡ് തുടങ്ങിയ അനുബന്ധ വാര്‍ഡുകളിലേക്കാണ് നല്‍കുന്നത്.